ആശ്വാസ നടപടിയുമായി ആന്ധ്രാ പ്രദേശ്; പെട്രോളിനും ഡീസലിനും 2 രൂപ കുറച്ചു 

Update: 2018-09-10 14:49 GMT
Advertising

അടിക്കടി ഉയരുന്ന ഇന്ധന വിലക്കെതിരെ പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച ഭാരത് ബന്ദ് സംഘടിപ്പിച്ചതിനിടെ പൊതു ജനത്തിന് ആശ്വാസമേകുന്ന നടപടിയുമായി ആന്ധ്രാ പ്രദേശ്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയാണ് തെലുഗ് ദേശം പാർട്ടി ഭരിക്കുന്ന സർക്കാർ കുറച്ചിരിക്കുന്നത്.

ഇന്ധന വിലയിൽ കുറവ് വരുത്തിക്കൊണ്ടുള്ള നീക്കം സംസ്ഥാനത്തിന്റെ ഖജനാവിന് 1120 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുത്തിവെക്കുക. നിലവിൽ കമ്മി ബജറ്റിന്റെ പ്രയാസം അനുഭവിക്കുന്ന സംസ്ഥാനം നേരത്തെ കേന്ദ്രം സാമ്പത്തിക പിന്തുണ നല്കാൻ തയ്യാറാകുന്നില്ല എന്നും ആക്ഷേപം ഉയർത്തിയിരുന്നു.

നിലവിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 4 രൂപ നികുതിയായി ഈടാക്കുന്ന ആന്ധ്രാ പ്രദേശ് ഈയിനത്തിൽ ഒരു വര്ഷം 2240 കോടി രൂപയുടെ നികുതി വരുമാനമാണുണ്ടാക്കുന്നത്.

അതേസമയം, വിവിധ ഇനം നികുതികളിലായി കൂടുതൽ വരുമാനം ഉണ്ടാക്കിയിട്ടും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഇന്ധന വില കുറക്കാൻ തയ്യാറാകുന്നില്ലെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു. ഇങ്ങനെ പോയാൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപയാകുമെന്നും ഡോളറിനെതിരെ രൂപയുടെ മൂല്യം 100 രൂപയിലേക്ക് കൂപ്പ്കുത്തുമെന്നും നായിഡു പറഞ്ഞു.

ഇന്ധന വിലവർധനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച ഭാരത് ബന്ദിന് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും തെലുഗ് ദേശം പാർട്ടി പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബന്ദിൽ പങ്കെടുത്തിരുന്നു.

ഇന്ധന വില ജി എസ് ടിക്ക് കീഴിൽ കൊണ്ടുവരണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ തെലുഗ് ദേശം പാർട്ടി എതിർത്തിരുന്നു. സംസ്ഥാങ്ങൾക്ക് പ്രധാനമായും നികുതി ലഭിക്കുന്നത് ഇന്ധനത്തിലൂടെയാണ് എന്ന് പറഞ്ഞാണ് പാർട്ടി ഈ ആവശ്യത്തെ എതിർത്തത്.

അന്താരഷ്ട്ര വിപണിയിലെ വിലവര്ധനവും സംസ്ഥാനങ്ങൾ ഈടാക്കുന്ന മൂല്യ വർധിത നികുതിയും കാരണമാണ് ഇന്ധന വില വർധിച്ചതെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാദം തള്ളിയ നായിഡു ഇത്തരം പ്രസ്താവനകൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനെ സാധിക്കൂ എന്നും പറഞ്ഞു.

Tags:    

Similar News