ഡീസല്‍ ലിറ്ററിന് 50 രൂപയാകും, പെട്രോളിന് 55ഉം: നിതിന്‍ ഗഢ്ഗരി

ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും. അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും കേന്ദ്ര ഗതാഗതമന്ത്രി

Update: 2018-09-11 06:02 GMT
Advertising

പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍, രാജ്യത്തെ ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് നിതിന്‍ ഗഢ്കരി. അതിനായി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞു.

എട്ട് ലക്ഷം കോടി രൂപയുടെ പെട്രോളും, ഡീസലുമാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷേ അവയുടെ വില എന്നും വർധിക്കുകയാണ്, രൂപയുടെ മൂല്യം താഴോട്ടാണ്. പെട്രോളിയം, പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാൻ എഥനോൾ, മെഥനോൾ, ജൈവ ഇന്ധനം, സി.എൻ.ജി എന്നിവയിലേക്ക് മാറുകയാണ് വേണ്ടത്. രാജ്യത്തെ കർഷകർ, ആദിവാസികൾ, വനവാസികൾ എന്നിവരെ ഉപയോഗപ്പെടുത്തി എതനോള്‍, മെഥനോൾ, ജൈവ ഇന്ധനം, എന്നിവ ഉത്പാദിപ്പിക്കാമെന്നും അതുവഴി വിമാനം വരെ പറത്താമെന്നും കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബദല്‍ ഇന്ധനങ്ങളായ, എഥനോൾ, മെഥനോൾ, ബയോ ഡീസല്‍, സിഎൻജി, ജൈവ ഇന്ധനം എന്നിവ ഉപയോഗിച്ച് ഓടുന്ന ഓട്ടോ റിക്ഷകൾ, ബസുകൾ, ടാക്സി വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് നല്‍കാനും ആലോചിക്കുന്നുണ്ട്, അദ്ദേഹം പറയുന്നു.

"പെട്രോളിയം മന്ത്രാലയം അഞ്ച് എഥനോൾ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്. അവിടെ നെല്ല്, ഗോതമ്പ്,കരിമ്പ്, മുനിസിപ്പൽ മാലിന്യങ്ങൾ എന്നിവയിൽ നിന്ന് ഇന്ധനം ഉൽപ്പാദിപ്പിക്കാൻ കഴിയും. അതോടെ ഡീസൽ ലിറ്ററിന് 50 രൂപയും പെട്രോളിന് 55 രൂപയുമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ ചരോഡയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റായ്പൂര്‍ മുതല്‍ ദുര്‍ഗ് വരെയുള്ള മേല്‍പ്പാല നിര്‍മ്മാണമുള്‍പ്പടെ, 4,251 കോടിയുടെ എട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജൈവ ഇന്ധന നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുന്ന സംസ്ഥാനമാണ് ചത്തീസ്ഗഢെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ചത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിംഗും ചടങ്ങിൽ പങ്കെടുത്തു.

"ഛത്തീസ്ഗഢിലെ കാർഷിക മേഖലയുടെ വളർച്ച വളരെ നല്ലതാണ്, അരി, ഗോതമ്പ്, പയർ, കരിമ്പ് എന്നിവയുടെ ഉല്പന്നങ്ങൾ ഇവിടെ ധാരാളം ഉണ്ട്, അതുകൊണ്ടുതന്നെ ജൈവ ഇന്ധനങ്ങളുടെ ഒരു ഉൽപ്പാദന കേന്ദ്രമായി മാറാൻ സംസ്ഥാനത്തിന് കഴിയും," അദ്ദേഹം പറഞ്ഞു. ''ഛത്തീസ്ഗഢിലെ ജത്രോഫാ പ്ലാന്റിൽ നിന്ന് നിർമ്മിച്ച ജൈവ ഇന്ധനം ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഡെറാഡൂണിൽ നിന്ന് ഡല്‍ഹിയിലേക്ക് നമ്മള്‍ വിമാനം പറത്തി. ജൈവ ഇന്ധനം ഉല്പാദിപ്പിക്കുന്നതിന് സംസ്ഥാനത്തിന് വൻ സാധ്യതയുണ്ട്. അതു വഴി കർഷകർക്കും, ആദിവാസികൾക്കും, കാട്ടില്‍ ജീവിക്കുന്നവര്‍ക്കും തൊഴിലവസരങ്ങൾ ലഭിക്കുകയും അതുവഴി അവര്‍ ശാക്തീകരിക്കപ്പെടുകയും ചെയ്യും. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ ഒരു ബയോടെക്നോളജി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇത് രാജ്യത്ത് ബദൽ ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സഹായകമാകും''-അദ്ദേഹം പറയുന്നു.

Tags:    

Similar News