നൈസാമിന്റെ സ്വർണ്ണപ്പാത്രത്തിൽ രാജകീയ ഭക്ഷണം; കള്ളന്മാരെ കയ്യോടെ പിടികൂടി പൊലീസ്

Update: 2018-09-11 16:38 GMT
Advertising

ഹൈദരാബിദിലെ നൈസാമിന്റെ മ്യുസിയത്തിൽ നിന്നും കളവ് പോയ നാലു കിലോയുടെ സ്വർണ്ണ ചോറ്റുപാത്രമുൾപ്പെടെയുള്ള വസ്തുക്കൾ ഹൈദരാബാദ് പൊലീസ് കണ്ടുകെട്ടി. മ്യുസിയത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കള്ളന്മാരിലൊരാൾ വജ്രവും മരതകവും രത്നവും പതിച്ച കോടികൾ വിലമതിക്കുന്ന ഈ ചോറ്റുപാത്രത്തിലായിരുന്നത്രെ ദിവസവും ആഹാരം കഴിച്ചിരുന്നത്.

സെപ്തംബര് രണ്ടിനാണ് ഹൈദരാബാദിലെ പുരാനി ഹവേലിയിലുള്ള മ്യുസിയത്തിന്റെ വെന്റിലേഷൻ ദ്വാരത്തിലൂടെ മോഷ്ടാക്കൾ അകത്തുകടന്നത്. നൈസാമിന്റെ സ്വർണ്ണ ചോറ്റുപാത്രം, ഒരു സ്വർണ്ണ കപ്പ്, ഒരു സോസർ, ഒരു സ്പൂണും ട്രേയും എന്നിവ മോഷ്ടാക്കൾ കൊണ്ടുപോയി. എന്നാൽ, നഷ്ടപ്പെട്ട വസ്തുക്കൾ മുഴുവൻ ഹൈദരാബാദ് പൊലീസ് കണ്ടുകെട്ടി.

മോഷ്ടിച്ച മുഴുവൻ വസ്തുക്കൾക്കും മാർക്കറ്റിൽ 1 കോടിയിലധികം വില വരുമെന്ന് പൊലീസ് പറഞ്ഞു.

"മോഷ്ടാക്കൾ സ്വർണ ചട്ടയുള്ള ഖുർആൻ കൂടി എടുക്കാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് പള്ളിയിൽ നിന്നും പ്രഭാത നിസ്കാരത്തിനുള്ള ബാങ്ക് വിളി കേട്ടത്. ഭക്തി കൊണ്ടാണോ, അതോ പേടിച്ചിട്ടാണോ എന്നറിയില്ല, ഖുർആൻ അവർ എടുത്തില്ല," ഹൈദരാബാദ് പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ എൻ ഡി ടി വി യോട് പറഞ്ഞു.

മോഷണം നടന്ന രാത്രി സമീപത്തെ സി സി ടി വി ക്യാമറകൾ മോഷ്ടാക്കൾ ഓഫാക്കിയിരുന്നു. മോഷ്ടാക്കൾ രണ്ടു പേരും മുഖം മറച്ച് ബൈക്കിൽ പോകുന്ന ഒരു ദൃശ്യം മാത്രമാണ് പൊലീസിന് ലഭിച്ചത്. 22 പേരടങ്ങിയ അന്വേഷണ സംഘം മോഷ്ടാക്കൾ മുംബൈയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് മോഷ്ടാക്കൾ രണ്ടു പേരും മുംബയിൽ അറസ്റ്റിലായി.

Tags:    

Similar News