‘മല്യ-ജെയ്റ്റ്ലി കൂടിക്കാഴ്ച പാര്‍ലമെന്റില്‍; 15മിനിറ്റിലധികം നീണ്ടു’ സി.സി.ടി.വി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ്.
പാര്‍ലമെന്റില്‍ രണ്ട് തവണ ജെയ്റ്റ്ലി- മല്യ കൂടിക്കാഴ്ച നടന്നതായും ചര്‍ച്ച 15മിനിറ്റിലധികം നീണ്ടുപോയതായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''ജെയ്റ്റ്ലി ഇക്കാര്യം ഇ.ഡിയെയേ സി.ബി.ഐയെയോ അറിയിച്ചിരുന്നില്ല. അതിനര്‍ത്ഥമെന്താണ്? താന്‍ ലണ്ടനിലേക്ക് ഒളിച്ചോടുകയാണെന്ന് ഒരു കുറ്റവാളി വന്ന് പറഞ്ഞിട്ടും, ഒന്നും ചെയ്യാതിരുന്ന നടപടിയെക്കുറിച്ച് ജെയ്റ്റ്ലി വിശദീകരണം നല്‍കണം.'' രാഹുല്‍ ആവശ്യപ്പെട്ടു.
അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണെന്നും രാജ്യം വിടുന്നതിന് രണ്ട് ദിവസം മുമ്പ് മല്യയെയും ജയ്റ്റ്ലിയെയും താന്‍ പാര്‍ലമെന്റില്‍ ഒരുമിച്ച് കണ്ടതായും കോണ്‍ഗ്രസ് നേതാവ് പി.എല്‍ പൂനിയ പറഞ്ഞു. ''അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണ്. മല്യക്ക് രാജ്യം വിടാന്‍ അനുവാദം ലഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹവുമായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ദീർഘനേരം കൂടിക്കാഴ്ച നടത്തുന്നത് ഞാന്‍ കണ്ടിരുന്നു.'' കോണ്‍ഗ്രസ് എം.പി പി.എല്‍ പൂനിയ ട്വിറ്ററില്‍ കുറിച്ചു.
മല്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും അരുണ്‍ ജെയ്റ്റ്‌ലി മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം മല്യയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
Arun Jaitly is lying. I saw him having prolonged meeting in Central Hall of Parliament about two days before he was allowed to escape from India. Choukidar is not only Bhagidar but also Gunahagar. @INCIndia @INCChhattisgarh https://t.co/VJkDk1ZCkK
— P L Punia (@plpunia) September 12, 2018