‘ഇന്ധനവില വര്‍ധന ബാധിച്ചിട്ടില്ല, ഞാനൊരു കേന്ദ്രമന്ത്രിയാണ്’
‘ഞാന്‍ കേന്ദ്രമന്ത്രിയാണ്. ഇന്ധനവില വര്‍ധന എന്നെ ബാധിച്ചിട്ടില്ല. മന്ത്രി പദവി നഷ്ടപ്പെട്ടാല്‍ അത് ബാധിച്ചേക്കും’
ഇന്ധനവില വര്‍ധനവ് തന്നെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധനചിലവിന്റെ അലവന്‍സ് ലഭിക്കുന്നതിനാല്‍ വ്യക്തിപരമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ജയ്പൂരില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.
'ഞാന്‍ കേന്ദ്രമന്ത്രിയാണ്. ഇന്ധനവില വര്‍ധന എന്നെ ബാധിച്ചിട്ടില്ല. മന്ത്രി പദവി നഷ്ടപ്പെട്ടാല്‍ അത് ബാധിച്ചേക്കും' ഇന്ധനവില വ്യക്തിപരമായി എങ്ങനെ ബാധിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ.
'സാധാരണക്കാര്‍ക്ക് ഇന്ധനവില വര്‍ധനവില്‍ വലിയ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നത് സത്യമാണ്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചാല്‍ ഇന്ധനവില കുറയും. കേന്ദ്രം ഇക്കാര്യം ഗൗരവത്തില്‍ പരിഗണിക്കുന്നുണ്ട്' അത്തേവാല പറയുന്നു. ബി.ജെ.പിയുടെ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിയാണ് രാംദാസ് അത്തേവാല.
കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിനെതിരെ മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്.