ഹരിയാനയിലെ കൂട്ട ബലാത്സംഗക്കേസ്; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി
സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ വാങ്ങിയ പെണ്‍കുട്ടിയാണ് ഹരിയാനയിലെ റിവാരിയില്‍ കൂട്ട ബലാത്സംഗത്തിനിരയായത്
ഹരിയാനയിലെ റിവാരി കൂട്ട ബലാത്സംഗക്കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഖ്യ പ്രതികളായ മൂന്ന് പേരില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള വഴിയൊരുങ്ങിയത്, കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമാണെന്ന വിമര്‍ശം ശക്തമാവുകയാണ്.
സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ വാങ്ങിയ പെണ്‍കുട്ടിയാണ് ഹരിയാനയിലെ റിവാരിയില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. കോച്ചിംഗ് ക്ലാസിന് പോയി മടങ്ങവേ ആര്‍മി ജീവനക്കാരനുള്‍പ്പെടേയുള്ള മൂന്ന് പേര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിന് ശേഷമാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളില്‍ ഒരാളാണ് ഇതുവരെ അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സൈനികനുള്‍പ്പെടേയുള്ള രണ്ട് പ്രതികളെ പിടികൂടാന്‍ അഞ്ച് ദിവസമായിട്ടും പൊലീസിന് കഴിഞ്ഞില്ല.
തുടക്കത്തില്‍ അങ്ങേയറ്റം ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതെന്ന് വിമര്‍ശമാണ് ഉയരുന്നത്. വിമര്‍ശം ശക്തമായ സാഹചര്യത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്നും, പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കുമെന്നും റിവാരി എസ്.പി രാഹുല്‍ ശര്‍മ പറഞ്ഞു. അതിനിടെ പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് റിവാരി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. പീഡനം ഉണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് പെണ്‍കുട്ടി മോചിതയാകുന്നുണ്ടുവെന്നും അദ്ദേഹം പറഞ്ഞു.