പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു; കുറ്റകൃത്യം മറച്ചുവെച്ച സ്കൂള്‍ അധികൃതര്‍ അറസ്റ്റില്‍
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ നാല് സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ നാല് സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. കുറ്റകൃത്യം മറച്ചുവെച്ച സ്‌കൂള്‍ അധികൃതരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്ത് 14നാണ് സംഭവം നടന്നത്. സ്കൂളിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകള്‍ക്കെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനിയെ നാല് സഹപാഠികള്‍ ഹോസ്റ്റലില്‍ നിന്ന് വിളിച്ചുവരുത്തിയത്. സ്കൂളിലെ സ്റ്റോര്‍ റൂമില്‍ വെച്ചാണ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കാതെ മറച്ചുവെയ്ക്കാനാണ് ശ്രമിച്ചത്.
വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്കൂളിലെ നാല് പ്ലസ് ടു വിദ്യാര്‍ഥികളെയും പ്രസിന്‍സിപ്പലും ഹോസ്റ്റല്‍ വാര്‍ഡനും ഉള്‍പ്പെടെ അഞ്ച് സ്കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. സ്കൂള്‍ ജീവനക്കാരെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.