മുസ്‍ലിംകളെ അംഗീകരിക്കുന്നില്ലെങ്കിൽ അത് ഹിന്ദുത്വവാദം അല്ലെന്ന് മോഹൻ ഭഗവത്

എല്ലാവരെയും ഉൾകൊള്ളുന്നതാണ് ഹിന്ദുത്വ ചിന്ത. ഹിന്ദുരാഷ്ട്രം എന്നതിന് മുസ്‍ലിംകൾ ഇല്ലാത്ത രാജ്യം എന്ന് അത്ഥമില്ലെന്നും ഭഗവത് പറഞ്ഞു.

Update: 2018-09-19 02:05 GMT
Advertising

മുസ്‍ലിംകളെ അംഗീകരിക്കുന്നില്ലെങ്കിൽ അത് ഹിന്ദുത്വവാദം അല്ലെന്ന് ആര്‍.എസ്.എസ് തലവൻ മോഹൻ ഭഗവത്. ഹിന്ദു രാഷ്ട്രം എന്നതിന് മുസ്‍ലിംകൾ ഇല്ലാത്ത രാജ്യം എന്ന് അര്‍ത്ഥമില്ലെന്നും ഡൽഹിയിൽ തുടരുന്ന പ്രഭാഷണ പരിപാടിയിൽ ഭഗവത് പറഞ്ഞു.

ഇന്ത്യയുടെ ഭാവി; ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടില്‍, എന്ന വിഷയത്തിൽ ഡൽഹിയിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായിരുന്നു മോഹൻ ഭഗവതിന്റെ നിർണായക പ്രസ്താവന. മുസ്‍ലിംകൾ രാഷ്ട്രത്തിന്റെ ഭാഗമല്ല എന്നു പറയുന്ന കാലത്ത് ഹിന്ദുത്വം അവശേഷിക്കില്ല. എല്ലാവരെയും ഉൾകൊള്ളുന്നതാണ് ഹിന്ദുത്വ ചിന്ത. ഹിന്ദു രാഷ്ട്രം എന്നതിന് മുസ്‍ലിംകൾ ഇല്ലാത്ത രാജ്യം എന്ന് അത്ഥമില്ലെന്നും ഭഗവത് പറഞ്ഞു.

സര്‍ക്കാരിലോ ഭരണത്തിലോ ആര്‍.എസ്.എസിന് താൽപര്യമില്ല. എന്നാല്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് വിഷമമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് അംഗങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടുതലായി ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണം മറ്റു പാര്‍ട്ടികളാണ് പരിശോധിക്കേണ്ടതെന്ന് ഭഗവത് കൂട്ടിച്ചേർത്തു. പൊതുതെരഞ്ഞടുപ്പ് കൂടി ആസന്നമായിരിക്കെ ആര്‍.എസ്.എസ് ആശയവും നിലപാടും കൂടുതൽ പേരിൽ എത്തിക്കലാണ്, തെരഞ്ഞെടുക്കപ്പെട്ട സദസിന് മുമ്പാകെയുള്ള പ്രഭാഷണ പരിപാടിയുടെ ലക്ഷ്യം.

Tags:    

Similar News