റഫാല്‍ - അംബാനി ബന്ധം: കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തല്‍

റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ദാസോ ഏവിയേഷന്‍സുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. 

Update: 2018-09-21 15:09 GMT
Advertising

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നതിനിടെ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്‍സ്വ ഓലന്‍ഡിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്നാണ് ഓലന്‍ഡിന്‍റെ വെളിപ്പെടുത്തല്‍.

റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ദാസോ ഏവിയേഷന്‍സുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. ഓലന്‍ഡിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ച് ഡല്‍ഹിയിലെ ഫ്രഞ്ച് എംബസി പ്രതികരിക്കാന്‍ തയാറായില്ല. അനില്‍ അംബാനി ഗ്രൂപ്പിനെ ദാസോ ഏവിയേഷന്‍സാണ് തിരഞ്ഞെടുത്ത് പങ്കാളികളാക്കിയതെന്നും ഇതിന്‍റെ നടപടിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നുമായിരുന്നു ഇതുവരെ കേന്ദ്രത്തിന്‍റെ അവകാശവാദം. എന്നാല്‍ ഓലന്‍ഡിന്‍റെ വെളിപ്പെടുത്തലോടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മീഡിയാപാര്‍ട്ട് എന്ന ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിലായിരുന്നു ഓലന്‍ഡിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഫ്രഞ്ച് സര്‍ക്കാരിന് കൂടുതലായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരാണ് അംബാനി ഗ്രൂപ്പിനെ നിര്‍ദേശിച്ചത്. ദാസോ അവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പങ്കാളിത്വത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടായിരുന്നില്ല. - ഓലന്‍ഡ് പറഞ്ഞു.

ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറിലെത്തുന്നത്. അന്ന് ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്റെ ഇന്ത്യന്‍ കരാര്‍ പങ്കാളി പൊതുമേഖല സ്ഥാപനമായ ‍എച്ച്.എ.എല്‍ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വെട്ടിച്ചുരുക്കി 36 ആക്കുകയും യു.പി.എ കാലത്തേക്കാള്‍ കൂടിയ വിലയ്ക്ക് വിമാനം വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടിയ വിലയ്ക്ക് കുറച്ചുവാങ്ങുന്നിതിന് പിന്നിലും എച്ച്.എ.എല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Tags:    

Similar News