ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനെ വിട്ട് ബിഎസ്പി; ബിജെപിക്ക് ആശ്വാസം  

Update: 2018-09-21 06:17 GMT
Advertising

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസും മായാവതിയുടെ ബിഎസ്പിയും സഖ്യം ചേര്‍ന്ന് മത്സരിക്കും. ജനതാ കോണ്‍ഗ്രസ് 55 സീറ്റുകളിലും ബിഎസ്പി 35 സീറ്റുകളിലുമായിരിക്കും മത്സരിക്കുക. ബിഎസ്പിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-ബിഎസ്പി സഖ്യ ചര്‍ച്ചകള്‍ കുറച്ച് കാലമായി നടക്കുകയാണ്. ഇതിനിടെയാണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചതായി ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്.

അര്‍ഹമായ ബഹുമാനം നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷ സഖ്യത്തിലുണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കകമാണ് മായാവതിയുടെ ഈ നാടകീയ നീക്കം. ഇതിലൂടെ മധ്യപ്രദേശിലും, രാജസ്ഥാനിലും സമാന നീക്കത്തിന് മടിക്കില്ലെന്ന സൂചനയും മായാവതി നല്‍കുന്നു. ബിഎസ്പി-ജനതാ കോണ്‍ഗ്രസ് സഖ്യത്തോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിന് വഴിയൊരുങ്ങി. ഇതോടെ കടുത്ത നേതൃ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരിതാപകരമാകും. തുടര്‍ച്ചയായ നാലാം തവണയും അധികാരം നേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

Tags:    

Similar News