വളർച്ചാ നിരക്കിൽ മുസ്‌ലിംകൾ ഏറെ പിറകിലെന്ന് പഠനം; പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് നേരിയ പുരോഗതി
രാജ്യത്ത് അതിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് രാജ്യ പുരോഗതിയിൽ ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ, പുതിയ പഠനം പറയുന്നത് പ്രകാരം രാജ്യത്ത് വിദ്യാഭ്യാസത്തിന്റെയും വരുമാനത്തിന്റെയും വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ്. ഇതിൽ, ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്നത് രാജ്യത്തെ മുസ്‌ലിംകളാണ് എന്നാണ് പഠന റിപ്പോർട്ട്. അതെസമയം, പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ വളർച്ചാ നിരക്കിൽ നേരിയ പുരോഗതി ഉണ്ടായപ്പോൾ ഉയർന്ന ജാതിക്കാരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു.
പുതിയ പഠനം പറയുന്നത് പ്രകാരം രാജ്യത്ത് വിദ്യാഭ്യാസത്തിന്റെയും വരുമാനത്തിന്റെയും വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ്. ഇതിൽ, ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്നത് രാജ്യത്തെ മുസ്‌ലിംകളാണ് എന്നാണ് പഠന റിപ്പോർട്ട്
ലോകബാങ്ക് പ്രതിനിധി സാം ആഷർ, ഡാര്‍ട്മൌത്ത് കോളേജിലെ പോൾ നൊവോസാദ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാർളി റാഫ്കിന് എന്നിവർ ചേർന്ന് 5,600 പ്രാദേശിക ഉപജില്ലകൾ, 2,300 നഗരങ്ങളും പട്ടണങ്ങളും എന്നിവ ഉൾപ്പെടുത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
വിവിധ സാമുദായിക വിഭാഗങ്ങളുടെ ആഭ്യന്തര വളർച്ചയെ പരിശോധനാ വിധേയമാക്കിയ ഇവരുടെ പഠന റിപ്പോർട്ട് പ്രകാരം സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷം കാര്യമായ വളർച്ചയും പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കിടയിൽ നേരിയ പുരോഗതി ഉണ്ടായപ്പോൾ മുസ്‌ലിംകൾ ഏറെ പിറകിലായിപ്പോയി എന്നും പഠനം വ്യക്തമാക്കുന്നു.
ഇന്ത്യൻ മുസ്‌ലിംകളുടെ വളർച്ച നിരക്ക് ആഫ്രിക്കൻ അമേരിക്കക്കാരുടേതിനേക്കാൾ വളരെ പിറകിലാണ്. എന്നാൽ, രാജ്യത്തെ ദലിതുകളുടെയും പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെയും പുരോഗതി ആഫ്രിക്കൻ അമേരിക്കക്കാരുടെതുമായി താരതമ്യം ചെയ്യാവുന്നതാണെന്നും പഠനം പറയുന്നു. തെക്കെ ഇന്ത്യയും രാജ്യത്തെ നഗരപ്രദേശങ്ങളും ആണ് വളർച്ചാ നിരക്കിൽ മുന്നിൽ നിൽക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇവിടങ്ങളിൽ പ്രകടമായ പുരോഗതി ഉണ്ട്.
സാമ്പത്തിക ഉദാരീകരണത്തിന് മുമ്പുള്ള കാലം മുതൽ ഇന്ന് വരെയുള്ള ഇന്ത്യയുടെ വളർച്ചാ നിരക്ക് വലിയ മാറ്റമൊന്നുമില്ലാതെ ശരാശരിക്കൊപ്പം നിൽക്കുകയാണ്. എന്നാൽ, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നേരിയ തോതിലുള്ള പുരോഗതി പ്രകടമായിട്ടുണ്ട്. നേരത്തെ നടന്നിട്ടുള്ള പഠനങ്ങൾ വ്യക്തമാക്കിയത് പോലെതന്നെ പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ മുസ്‌ലിംകൾ വളരെയധികം പിന്നോക്കാവസ്ഥയിലാണ്
വിവിധ വിഭാഗങ്ങൾക്കിടയിലെ വളർച്ചാ നിരക്ക് കണക്കാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആളുകൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ വിലയിരുത്തുന്നതിന് സഹായകമാകും. പക്ഷെ, സാമുദായിക പുരോഗതി കേവലം സാമ്പത്തിക, വിദ്യാഭ്യാസ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നത് ശരിയായ രീതിയല്ല എന്നും പഠനം അംഗീകരിക്കുന്നുണ്ട്.
"സാമ്പത്തിക ഉദാരീകരണത്തിന് മുമ്പുള്ള കാലം മുതൽ ഇന്ന് വരെയുള്ള ഇന്ത്യയുടെ വളർച്ചാ നിരക്ക് വലിയ മാറ്റമൊന്നുമില്ലാതെ ശരാശരിക്കൊപ്പം നിൽക്കുകയാണ്. എന്നാൽ, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നേരിയ തോതിലുള്ള പുരോഗതി പ്രകടമായിട്ടുണ്ട്. നേരത്തെ നടന്നിട്ടുള്ള പഠനങ്ങൾ വ്യക്തമാക്കിയത് പോലെതന്നെ പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ മുസ്‌ലിംകൾ വളരെയധികം പിന്നോക്കാവസ്ഥയിലാണ്," പഠന റിപ്പോർട്ട് സംഗ്രഹിക്കുന്നു.