വായ്പാ തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യവസായി നിതിന്‍ സന്ദേശര രാജ്യം വിട്ടു
വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടറായ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യവസായി നിതിന്‍ സന്ദേശര രാജ്യം വിട്ടു. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടറായ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിജയ് മല്യക്കും നീരവ് മോദിക്കും പുറമെ രാജ്യം വിട്ട വ്യവസായികളുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് നാടുവിട്ട വിജയ് മല്യക്കും പി.എന്‍.ബി ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിക്കും പിന്നാലെയാണ് നരേന്ദ്ര മോദിയുടെ ഗുജറാത്തിൽ നിന്നും വന്‍ തട്ടിപ്പ് പുറത്ത് വന്നിരിക്കുന്നത്. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിക്ക് ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് 5000 കോടി രൂപയുടെ വായ്പ അനുവദിച്ചത്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് വായ്പ നല്‍കിയിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും ബാങ്കുകള്‍ തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം സി.ബി.ഐ കേസെടുക്കുകയും ചെയ്തു. അന്ന് തൊട്ട് ഒളിവിലാണ് നിതിന്‍ സന്ദേശരയും കുടുംബവും. ഇവരെ യുഎഇയില്‍ നിന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതെന്നാണ് വിവരം. നിതിന് പുറമെ സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന. ഇരുവരും കമ്പനി ഡയറക്ടര്‍മാരാണ്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിച്ചേക്കും. ബാങ്ക് തട്ടിപ്പുകളും മല്യയുടെ വെളിപ്പെടുത്തലും മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണായുധമായി പ്രതിപക്ഷം പ്രയോഗിക്കവെയാണ് നിതിന്‍ സന്ദേശര കൂടി രാജ്യം വിട്ടിരിക്കുന്നത്.