ബാബരി അനുബന്ധ കേസ് വിശാല ബെഞ്ചിന് വിടില്ല: സുപ്രീംകോടതി 

പള്ളി ഇസ്‍ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നത് ഇസ്മയില്‍ ഫറൂഖി കേസിലെ പരാമര്‍ശം മാത്രമെന്ന് ബെഞ്ച്. പരാമര്‍ശം ബാബരി മസ്ജിദ് ഭൂമി കേസിനെ ബാധിക്കില്ലെന്നും കോടതി. കേസില്‍ ഒക്ടോബര്‍ 29ന് വാദം കേള്‍ക്കും.

Update: 2018-09-27 09:08 GMT
Advertising

ബാബരി മസ്ജിദ് അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ല. ഇസ്‍ലാമില്‍ പള്ളി അവിഭാജ്യ ഘടകമല്ലെന്നത് ഇസ്‍മയില്‍ ഫാറൂഖി കേസിലെ പരാമര്‍ശം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഈ നിരീക്ഷണം ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസിനെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

1993ലെ അയോധ്യ ആക്ട് ചോദ്യം ചെയ്ത് ഇസ്മായിൽ ഫാറൂഖി നൽകിയ ഹരജിയിൽ 1994ലാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ വിധിയിലെ രണ്ട് പരാമര്‍ശങ്ങളാണ് ബാബരി അനുബന്ധ കേസിന്റെ അടിസ്ഥാനം. ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി നിര്‍ബന്ധമില്ല, ആവശ്യമെങ്കില്‍ പള്ളി സര്‍ക്കാരിന് ഏറ്റെടുക്കാം എന്നിവയാണ് ആ പരാമര്‍ശങ്ങള്‍. ഇവ ബാബരി ഭൂതര്‍ക്കത്തെ ബാധിക്കുമെന്നതിനാല്‍ 94ലെ വിധി പുനപരിശോധിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം പക്ഷേ ഇന്ന് സുപ്രീംകോടതി നിരസിച്ചു.

ഒരു ആരാധനാലയത്തിന്‍റെ ഭൂമി ഏറ്റെടുക്കുമ്പോൾ മാത്രമാണ് 1994ലെ ഫാറൂഖി കേസിലെ നിരീക്ഷണം പ്രസക്തമാവുക. അതിനാല്‍ വിശാല ബെഞ്ച് ഈ വിധി പുന പരിശോധിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഭൂരിപക്ഷ വിധിയായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍ എന്നിവരുടെ വിധിയോട് ജസ്റ്റിസ്‍ എസ് അബ്ദുല്‍ നസീര്‍ സമ്പൂര്‍ണ്ണമായി വിയോജിച്ചു. വിശാല ബെഞ്ചിന് വിടേണ്ട കേസാണിത്. ഫാറൂഖി കേസിലെ നിരീക്ഷണം ബാബരി മസ്ജിദ് കേസിലെ അലഹബാദ് ഹൈക്കോടതി വിധിയെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അനുബന്ധ കേസ് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ തള്ളിയ സാഹചര്യത്തില്‍ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അടുത്ത മാസം 29ന് വാദം കേള്‍ക്കല്‍ തുടരും.

Tags:    

Similar News