വിധി ചരിത്രപരം; സ്ത്രീകള്‍ക്ക് നീതി ലഭിച്ചെന്ന് ജയമാല
ശബരിമലയില്‍ പോയിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നുമുള്ള ജയമാലയുടെ വെളിപ്പെടുത്തല്‍ നേരത്തെ വന്‍ വിവാദമായിരുന്നു.
ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ മന്ത്രിയും നടിയുമായ ജയമാല. ശബരിമലയില്‍ പോയിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നുമുള്ള ജയമാലയുടെ വെളിപ്പെടുത്തല്‍ നേരത്തെ വന്‍ വിവാദമായിരുന്നു.
വിധി ചരിത്രപരമാണെന്നും സ്ത്രീകള്‍ക്ക് നീതി ലഭിച്ചെന്നും ജയമാല പറഞ്ഞു. ജീവിതത്തില്‍ ഇതിനേക്കാള്‍ സന്തോഷകരമായ നിമിഷമില്ല. സ്ത്രീസമൂഹത്തോടും സുപ്രീംകോടതിയോടും ദൈവത്തോടും ഇന്ത്യന്‍ ഭരണഘടന എഴുതിയ അംബേദ്കറിനോടും നന്ദി പറയുന്നുവെന്നും ജയമാല പറഞ്ഞു.
താന്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് 2006ലാണ് ജയമാല വെളിപ്പെടുത്തിയത്. 1987ല്‍ ഭര്‍ത്താവുമൊന്നിച്ചാണ് പോയത്. തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ വിഗ്രഹത്തിനരികെ ചെന്ന് താന്‍ വീഴുകയായിരുന്നുവെന്നും വിഗ്രഹത്തിന്റെ പാദങ്ങളില്‍ തൊട്ട് പ്രാര്‍ഥിച്ചെന്നും ജയമാല പറഞ്ഞു. വെളിപ്പെടുത്തല്‍ വന്‍വിവാദമായോടെ ശബരിമലയില്‍ സ്ത്രീകള്‍ കയറരുതെന്നും വിഗ്രഹത്തില്‍ തൊടരുതെന്നും അറിയുമായിരുന്നില്ലെന്ന് ജയമാല ആവര്‍ത്തിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി 2010ല്‍ ക്രൈം ബ്രാഞ്ച് ജയമാലക്കെതിരെ കേസെടുത്തു. 2012ല്‍ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.