യുപിയിലെ ജോന്‍പൂരില്‍ ക്രൈസ്തവര്‍ക്കുനേരെ 15 ദിവസത്തിനിടെ നടന്നത് 12 അതിക്രമങ്ങള്‍
ജോന്‍പൂരിലെ ജനസംഖ്യയുടെ വെറും 0.11 ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ക്കുനേരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ.സി മൈക്കല്‍ ആരോപിച്ചു
ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ക്രിസ്ത്യാനികള്‍ക്കുനേരെ നടന്നത് 12 അതിക്രമ സംഭവങ്ങള്‍. പൊലീസിന്റെ സഹായത്തില്‍ പ്രാദേശിക തീവ്ര ഹിന്ദുത്വ സംഘടനകളാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. ജോന്‍പൂരിലെ ജനസംഖ്യയുടെ വെറും 0.11 ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ക്കുനേരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ.സി മൈക്കല്‍ ആരോപിച്ചു.
പാതിരാത്രി പുരോഹിതരെ അറസ്റ്റ് ചെയ്തത് മുതല്‍ പള്ളിയിലേക്കുള്ള വഴി തടസപ്പെടുത്തിയത് അടക്കമുള്ള സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അരങ്ങേറി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. സീന്യൂസ് ചാനലും ദൈനിക് ജാഗരണ്‍ പത്രവും അടിസ്ഥാന വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ക്രൈസ്തവ പ്രതിനിധികള്‍ ആരോപിക്കുന്നുണ്ട്. ഈ വാര്‍ത്തകളെ തുടര്‍ന്നാണ് പ്രദേശത്ത് നടപടിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നും ഒന്നര മണിക്കൂര്‍ ദൂരം മാത്രമേ ജോന്‍പൂരിലേക്കുള്ളൂ. സെപ്തംബര്‍ അഞ്ച് മുതല്‍ 24 വരെയുള്ള കാലയളവിലാണ് 12 അതിക്രമങ്ങള്‍ ജോന്‍പൂരിലെ ക്രൈസ്തവര്‍ക്കുനേരെയുണ്ടായത്.