ജീവനക്കാര്‍ക്ക് ഒരു കോടിയുടെ മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ച് വജ്ര വ്യാപാരി
സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്.
ജീവനക്കാരെ ഞെട്ടിക്കുന്ന ആഡംബര സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് തുടര്‍ന്ന് വജ്ര വ്യാപാരിയായ സവ്ജി ധൊലാക്കിയ. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്‌സണ്‍ റെഡിഗോ കാറുകളാണെങ്കില്‍ മെഴ്‌സിഡസ് ബെന്‍സിന്റെ കാറുകളാണ് ധൊലാക്കിയ ഇത്തവണ നല്‍കിയിരിക്കുന്നത്.
സൂറത്തില്‍ ഒരു കോടി രൂപ വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കായി ധൊലാക്കിയ നല്‍കിയത്. നിലേഷ് ജാദ(40), മുകേഷ് ചന്ദ്രപ്പ(38), മഹേഷ് ചന്ദ്രപ്പ(43) എന്നിവര്‍ക്കാണ് മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി ലഭിച്ചത്. കൌമാരകാലത്തുതന്നെ ധൊലാകിയക്കൊപ്പം കൂടിയവരായിരുന്നു ഈ മൂന്നുപേരും.
സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്. ഈ മൂന്നുപേരും തന്റെ ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നാണ് ധൊലാകിയ പറഞ്ഞത്. കഴിഞ്ഞ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി നല്‍കിയത്.
നേരത്തെ 1260 കാറുകളും 400 ഫ്‌ളാറ്റുകളും ജീവനക്കാര്‍ക്ക് നല്‍കിയും ധൊലാക്കിയ ഞെട്ടിച്ചിരുന്നു. 6000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ധൊലാക്കിയയുടെ കമ്പനിയില്‍ 5500 ജീവനക്കാരാണുള്ളത്. 1977ല്‍ അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തില്‍ നിന്ന് 12 രൂപയുമായി സൂറത്തില്‍ എത്തിയ സവ്ജി ധൊലാക്കിയ പിന്നീട് വജ്ര വ്യാപാരിയായി മാറുകയായിരുന്നു.