സുപ്രിംകോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Update: 2018-10-03 07:47 GMT
Advertising

ഇന്ത്യയുടെ നാല്‍പ്പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

രാവിലെ 10.45ന് രാഷ്ട്രപതിഭവനിലെ ധര്‍ബാര്‍ ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് ഗൊഗോയ്ക്ക് സത്യാവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അസം സ്വദേശിയായ രഞ്ജന്‍ ഗൊഗോയ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ്. 2019 നവംബര്‍ 13 വരെയായിരിക്കും രജ്ഞന്‍ ഗൊഗോയുടെ ചീഫ്ജസ്റ്റിസ് കാലാവധി. അസം എന്‍ആര്‍സി,ലോക്പാല്‍ നിയമനം തുടങ്ങിയവയാണ് ചീഫ് ജസ്റ്റിസെന്ന നിലയില്‍ രഞ്ജന്‍ ഗൊഗോയ് പരിഗണിക്കുന്ന സുപ്രധാന കേസുകള്‍. ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിനായി പുതിയ ബെഞ്ച് രൂപീകരിക്കേണ്ട ഉത്തരവാദിത്തവും ചീഫ് ജസ്റ്റിസിന്റെ ആദ്യ പരിഗണനകളില്‍ ഉണ്ടാകും.

2001 ഫെബ്രുവരിയില്‍ ഗുവഹാട്ടി ഹൈക്കോടതിയിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആദ്യമായി നിയമിതനായി. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കവെ 2012 ഏപ്രിലില്‍ സുപ്രിം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ നാല് സിറ്റിംഗ് ജഡ്ജിമാരില്‍ ഒരാള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആയിരുന്നു.

Tags:    

Similar News