ത്രിപുരയിലെ സി.പി.എം മുഖപത്രം പൂട്ടാന്‍ ഉത്തരവ്; പിന്നില്‍ ബി.ജെ.പിയെന്ന് സി.പി.എം
ഉടമസ്ഥാവകാശം കൈമാറിയത് നിയമപരമായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത്.
സി.പി.എമ്മിന്റെ ത്രിപുരയിലെ മുഖപത്രം ഡെയ്‌ലി ദെശെർ കഥയുടെ രജിസ്ട്രേഷൻ റദ്ദാക്കി. രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യയാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇന്നലെ പത്രം പ്രസിദ്ധീകരിക്കാനായില്ല.
ഉടമസ്ഥാവകാശം കൈമാറിയത് നിയമപരമായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത്. വെസ്റ്റ് ത്രിപുര കളക്ടർ ന്യൂസ് പേപ്പേഴ്സ് രജിസ്ട്രാർക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
2012ല്‍ ഉടമസ്ഥാവകാശം സി.പി.എം ഒരു സൊസൈറ്റിക്ക് കൈമാറിയിരുന്നു. ഈ വര്‍ഷം ഉടമസ്ഥാവകാശം ഒരു ട്രസ്റ്റിന് കൈമാറി. നിയമപ്രകാരമാണ് ഉടമസ്ഥാവകാശം കൈമാറിയതെന്ന് പത്രത്തിന്‍റെ മുന്‍ എഡിറ്ററും സി.പി.എം നേതാവുമായ ഗൌതം ദാസ് പറഞ്ഞു.
രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി ജനാധിപത്യവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണ്. സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ സമ്മർദം ചെലുത്തിയാണ് പത്രം പൂട്ടിച്ചതെന്ന് ഗൌതം ദാസ് ആരോപിച്ചു.