എ.സി വാതക ചോര്‍ച്ച; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു

എയര്‍ കണ്ടീഷണറിലെ സിലിണ്ടര്‍ ചോര്‍ന്നാണ് അപകടമുണ്ടായത്. ജനലും വാതിലും അടച്ചുപൂട്ടിയ നിലയിലായതിനാല്‍ കുടുബം ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു.

Update: 2018-10-03 05:07 GMT
Advertising

വീട്ടിലെ എയര്‍ കണ്ടീഷണറില്‍ നിന്ന് വാതകം ചോര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കോയമ്പേഡിലെ തിരുവള്ളൂവര്‍ നഗറില്‍ ശരവണന്‍ (38), ഭാര്യ കലൈരസി (30), മകന്‍ കാര്‍ത്തിക് (8) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

എ.സി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു കുടുംബം. കറന്‍റ് പോയതിനാല്‍ ഇന്‍വേര്‍ട്ടര്‍ ഓണാക്കിയിരുന്നു. കുടുംബം ഉറങ്ങിയ ശേഷം കറന്‍റ് വന്നു. അപ്പോഴും ഇന്‍വേര്‍ട്ടര്‍ ഓണായിരുന്നു. ഇതാവാം വാതക ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എയര്‍ കണ്ടീഷണറിലെ സിലിണ്ടര്‍ ചോര്‍ന്നാണ് അപകടമുണ്ടായത്. ജനലും വാതിലും അടച്ചുപൂട്ടിയ നിലയിലായതിനാല്‍ കുടുബം ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച പകല്‍ ഏറെ വൈകിയിട്ടും ആരെയും പുറത്ത് കാണാതിരുന്നതോടെ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴേക്കും മൂവരും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.

ഈ വര്‍ഷം മെയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഡല്‍ഹിയിലെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.

Tags:    

Similar News