തനുശ്രീ ദത്ത: ലൈംഗിക പീഡന നിയമങ്ങള്‍ സിനിമ സെറ്റുകള്‍ക്കും ബാധകമാണ് എന്നതിന് ഒരു ഓര്‍മ്മപ്പെടുത്തലോ.??
ഈ വിഷയത്തില്‍ അമിതാബ് ബച്ചന്‍ പറഞ്ഞത് “ഞാന്‍ തനുശ്രീ ദത്തയുമല്ല, നാനാ പട്ടേക്കറുമല്ല. പിന്നെങ്ങിനെ എനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനാകും?” എന്നാണ്
ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ വച്ച് നടനായ നാനാ പട്ടേക്കര്‍ തനുശ്രീ ദത്തയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന വാര്‍ത്ത ബോളിവുഡിനെ പിടിച്ച് കുലുക്കുകയാണ്. ഗാനരംഗത്തിന്‍റെ ചിതീകരണ സമയത്ത് സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു രംഗം നാനാ പട്ടേക്കര്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതമറിയിച്ചപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയതെന്നും തനുശ്രീ ദത്ത ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നു. പട്ടേക്കറിന് തന്നോടുള്ള പെരുമാറ്റ രീതിയില്‍ പരാതിയറിയിച്ചപ്പോള്‍ തനിക്ക് പകരക്കാരിയായി രാഖി സവന്തിനെ സിനിമയിലേക്ക് കൊണ്ട് വരികയും തന്നെ പുറത്താക്കുകയുമായിരുന്നെന്നും ദത്ത പറഞ്ഞു. തനുശ്രീയെ മാനസികമായും ശാരീരികമായും പട്ടേക്കര്‍ ചൂഷണം ചെയ്തെന്ന പരാതി പത്ത് വര്‍ഷം മുന്‍പ് തന്നെ സിനി ആന്‍റ് ടെലിവിഷന്‍ അസോസിയേഷനില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷെ, ഇത്രയധികം വിവാദങ്ങള്‍ക്കിടയിലും എന്താണ് ലൈംഗിക പീഡനമെന്ന് ചോദിച്ച് പരിഹാസ ചിരി ചിരിക്കുകയാണ് നാനാ പട്ടേക്കര്‍. ഇത് വിരല്‍ ചൂണ്ടുന്നത് എവിടേക്കാണ്? തനുശ്രീ ദത്തയുടെ പരാതി ലൈംഗിക പീഡന നിയമങ്ങള്‍ സിനിമ സെറ്റുകളിലും പാലിക്കേണ്ടത് നിര്‍ബന്ധമാണ് എന്നതിന് ഒരു ഓര്‍മ്മപ്പെടുത്തലാണോ?
ഇതിന് സമാനമായ സംഭവങ്ങള്‍ ഹോളിവുഡിലും സംഭവിച്ചിട്ടുണ്ട്. മരിയ ഷിന്‍റ്ലര്‍ ലാസ്റ്റ് ടാങ്കോ എന്ന സിനിമയിലെ പീഡന രംഗത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു. സ്ക്രിപ്റ്റില്‍ പീഡന രംഗം ഉള്‍ക്കൊള്ളിച്ചിരുന്നില്ല. സെറ്റില്‍ എത്തിയ ശേഷമാണ് പീഡന രംഗത്തെക്കുറിച്ച് മരിയ അറിയുന്നത്. നിര്‍ബന്ധിതമായി അവര്‍ക്ക് അതിന് വഴങ്ങിക്കൊടുക്കേണ്ടി വന്നു. ശേഷം മരിയ ഷിന്‍റ്ലര്‍ നേരിട്ട മാനഹാനിക്ക് സംവിധായകന്‍ ബെര്‍ണ്ണാഡോ ബെര്‍ട്ടലൂസി നല്‍കിയ മറുപടി “ ലൈംഗിക പീഡനമനുഭവിക്കുന്ന ഒരു അഭിനയത്രിയുടെയല്ല, മറിച്ച് ഒരു പെണ്‍കുട്ടിയുടെ പ്രതികരണങ്ങളാണ് എനിക്കാവശ്യമായിരുന്നത്” എന്നാണ്. എല്ലായിടത്തും സിനിമ പ്രൊഡക്ഷന്‍ യൂണിറ്റുകളിലെ സ്ത്രീകള്‍ക്ക് ഇതുപോലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ബോളിവുഡ് അതില്‍ നിന്നും ഒരിക്കലും വ്യത്യസ്തമല്ല.
സിനിമ സെറ്റുകള്‍ മറ്റ് സ്ഥലങ്ങളെക്കാള്‍ വ്യത്യസ്തമാണെന്ന മുന്‍വിധിയാണ് ഇതിനെല്ലാം അടിസ്ഥാനം. അടുത്തിടെ വന്ന ലൈംഗികാരോപണ കേസുകള്‍ ബോളിവുഡ് ഇത് പോലുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ ഒട്ടും സജ്ജരല്ല എന്നതിനുള്ള തെളിവാണ്. ജോലിസ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുള്ള നിയമത്തിന്‍റെ കീഴില്‍ എല്ലാ ജോലിസ്ഥലങ്ങളിലും ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി നിര്‍ബന്ധമായും വേണം. സംവിധായകന്‍ വികാസ് ബാലിനെതിരെ ഒരു നടി ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയായ ഫാന്‍റം പിക്ചേഴ്സ് പരാതി ലഭിച്ചതിന് ശേഷമാണ് ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി രൂപീകരിച്ചത്. ഫാന്‍റം പിക്ചേഴ്സ് റിലയന്‍സ് പിക്ചേഴ്സിന്‍റെ സഹോദര സ്ഥാപനമായത് കൊണ്ട് മാത്രമാണ് ഇത്രയും പെട്ടന്ന് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ അവര്‍ക്ക് സാധിച്ചത്. ഇത് പോലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പരാതികള്‍ പരിഹരിക്കാനുള്ള കമ്മറ്റികള്‍ പല പ്രൊഡക്ഷന്‍ സ്ഥാപനങ്ങള്‍ക്കുമില്ല. കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ ഉത്തരവിനെത്തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡിലെ വലിയ ഏഴ് പ്രൊഡക്ഷന്‍ കമ്പനികള്‍ ആന്‍റി സെക്ഷ്വല്‍ ഹരാസ്മെന്‍റ് സെല്ലുകള്‍ രൂപീകരിച്ചത്. നൂതന ജോലിസ്ഥലങ്ങള്‍ പാലിക്കേണ്ട എല്ലാ സുരക്ഷ മാര്‍ഗങ്ങളും കര്‍ശനമായി സിനിമ സെറ്റുകളും പാലിക്കേണ്ടിയിരിക്കുന്നു.
ഈ നിയമങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ സിനിമയിലെ താഴെത്തട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പോലും തങ്ങളനുഭവിക്കുന്ന ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാനുള്ള ധൈര്യം ലഭിക്കുന്നു. ഹാര്‍വി വെയ്ന്‍സ്റ്റീനടക്കമുള്ള വലിയ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹോളിവുഡില്‍ ഉയര്‍ന്ന് വന്ന ലൈംഗിക ആരോപണ പരാതികള്‍ സിനിമ വ്യവസായത്തിനുള്ളിലെ ലൈംഗിക രാഷ്ട്രീയ ചിന്തകള്‍ക്ക് രൂപം നല്‍കി. #മി ടു മൂവ്മെന്‍റുകള്‍ വലിയ തോതില്‍ മാറ്റം സൃഷ്ടിച്ചില്ലെങ്കിലും സിനിമക്കുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ശബ്ധങ്ങള്‍ ഉയരാന്‍ അത് സഹായകമായി. തെലുങ്ക് സിനിമ മേഘലയില്‍ നേമിങ്ങ് ആന്‍റ് ഷേമിങ് പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച റിച്ച ചഢയും മധു ബന്ധര്‍ക്കറിനെതിരെയുള്ള ലൈംഗികാരോപണവുമെല്ലാം സിനിമ മേഘലയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. എന്നിരുന്നിട്ടും ബോളിവുഡ് മൌനം പാലിക്കുകയാണ്.
തനുശ്രീ ദത്തയുടെ കേസ് ലൈംഗികാതിക്രമങ്ങള്‍ക്ക് നേരെ ബോളിവുഡ് വച്ച് പുലര്‍ത്തുന്ന മൌനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. അന്ന് സെറ്റിലുണ്ടായിരുന്ന നൃത്തസംവിധായകന്‍ മുതല്‍ അഭിനേതാക്കള്‍ വരെ ഈ വിഷയത്തില്‍ മൌനം പാലിച്ചുവെന്ന് ദത്ത പറയുന്നു. ദത്ത ഉയര്‍ത്തിയ പരാതിയില്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് ഒരു ചെറിയ ശബ്ധം പോലും ഉയര്‍ന്നില്ല. ശക്തരല്ലാത്തവരുടെ പ്രശ്നങ്ങളില്‍ ബോളിവുഡ് സ്വീകരിക്കുന്ന നയം പൌരുഷത്തിന്‍റെ പ്രതീകമായി ബോളിവുഡ് കണക്കാക്കുന്ന അമിതാബ് ബച്ചന്‍ ഈ വിഷയത്തിലെടുത്ത നയത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. തനുശ്രീ ദത്ത നാനാ പട്ടേക്കറിനെതിരെ നല്‍കിയ ലൈംഗികാരോപണ പരാതിയെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ അമിതാബിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് "ഞാന്‍ തനുശ്രീ ദത്തയുമല്ല, നാനാ പട്ടേക്കറുമല്ല. പിന്നെങ്ങിനെ എനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനാകും?" എന്നാണ്.