രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു, മാറ്റമില്ലാതെ റിപ്പോ നിരക്ക്

റിവേഴ്‌സ് റിപ്പോ 6.25% ആയി തുടരും. 2018-19ലെ ജി.ഡി.പി വളര്‍ച്ച 7.4% ആയിരിക്കുമെന്നും റിസര്‍വ് ബാങ്ക് പ്രവചിക്കുന്നു

Update: 2018-10-05 09:54 GMT
Advertising

രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ച്ചയില്‍. ചരിത്രത്തിലാദ്യമായി മൂല്യം ഡോളറിന് 74 രൂപ കടന്നു. പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന ആര്‍.ബി.ഐയുടെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലെത്തിയത്. ഇതിന്റെ പ്രതിഫലനം ഓഹരി വിപണികളിലും പ്രകടമായി.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് പരിഗണിച്ചും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലുള്ള നിരക്കുകള്‍ അതേപടി തുടരാനാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റിയുടെ തീരുമാനം. ഇത് പ്രകാരം റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും തുടരും.

Full View

ഇതിന് പിന്നാലെ രൂപ മൂല്യത്തകര്‍ച്ച പുതിയ റെക്കോര്‍ഡിലെത്തി. ഇന്നലെ ഡോളറിന് 73.74 രൂപവരെ എത്തിയ മൂല്യം ഇന്ന് ചരിത്രത്തിലാദ്യമായി 74 രൂപ കടന്നു. നിലവില്‍ 74.10 ആണ് മൂല്യം. അതേസമയം രൂപയുടെ തകര്‍ച്ച ഇതര വികസ്വര രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പറഞ്ഞു.

രൂപയുടെ തകര്‍ച്ച തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 792 പോയിന്റും നിഫ്റ്റി 282 പോയിന്റും ഇന്ന് ഇടിഞ്ഞു.

Tags:    

Similar News