ലൈംഗികാതിക്രമം തടഞ്ഞു; ബീഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; 34 കുട്ടികള്‍ ആശുപത്രിയില്‍
ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവാക്കള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി ദൃക്സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ചതിന് ബീഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് യുവാക്കളുടെ ആക്രമണം. അക്രമത്തില്‍ 34 പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. 12നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരകളായത്. പരിക്കേറ്റ വിദ്യര്‍ത്ഥിനികളെ സോപോള്‍ ജില്ലയിലെ ത്രിവേണിജന്‍ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഹാര്‍ സൌപാല്‍ ജില്ലയിലെ ത്രിവേണി ഗഞ്ച് കസ്‍തൂര്‍ബ ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ആള്‍കൂട്ട ആക്രമണത്തിനിരയായത്. സ്കൂളിലേക്ക് ഒളിച്ചുകടന്ന ഒരു സംഘം ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാര്‍ഥിനികളെ മര്‍ദിച്ച സംഘത്തെ ചെറുത്തുനിന്ന പെണ്‍കുട്ടികള്‍ തുരത്തി. രണ്ട് മണിക്കൂറിന് ശേഷം ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി തിരിച്ചെത്തിയ സംഘം സ്കൂളില്‍ അക്രമം അഴിച്ചുവിട്ടു. നാല് സ്ത്രീകളും അക്രമി സംഘത്തിലുണ്ടായിരുന്നു.
ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവാക്കള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി ദൃക്സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ യുവാക്കള്‍ ടീച്ചര്‍മാരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന ആറ് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അപലപിച്ചു.