‘സ്ത്രീകള്‍ പണത്തിന് വേണ്ടി പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നു’; മീ ടൂ കാമ്പയിനെതിരെ ബി.ജെ.പി എം.പി
തൊഴിലിടങ്ങളില്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന്പറഞ്ഞ്‌കൊണ്ട് നിരവധി സ്ത്രീകള്‍ മുന്നോട്ട് വന്ന്‌കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മീ ടൂ കാമ്പയിനെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി. മീ ടൂ കാമ്പയിന്‍ ഇന്ത്യയില്‍ തെറ്റായ കീഴ്‍വഴക്കത്തിനാണ് തുടക്കമിടുന്നതെന്നും സ്ത്രീകള്‍ പണത്തിന് വേണ്ടി പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയുമാണെന്ന് ബി.ജെ.പി പാര്‍ലിമെന്റ് അംഗം ഉദിത്ത് രാജ് പറഞ്ഞു. ബോളിവുഡ് നടന്‍ നാനാ പടേക്കര്‌ക്കെതിരെ നടി തനുശ്രീ ദത്ത നടത്തിയ ലൈംഗികാതിക്രമ ആരോപണത്തെ കുറിച്ച് പ്രതികരിക്കവേയാണ് ഉദിത്ത് രാജിന്റെ വിവാദ പരാമര്‍ശം.
“മീ ടൂ കാമ്പയിന്‍ ആവശ്യം തന്നെയാണ്. എന്നാല്‍, ഒരാള്‍ക്കെതിരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നതിന്റെ യുക്തി എന്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയാണ് ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കപ്പെടുക. ഇത്തരം ആരോപണങ്ങള്‍ വ്യക്തികളുടെ അന്തസ്സിനെ സാരമായി ബാധിക്കും എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്,” ഉദിത്ത് രാജ് പറഞ്ഞു.
ഒന്നോ രണ്ടോ ലക്ഷം രൂപക്ക് വേണ്ടി പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സ്ത്രീകളുടെ പതിവാണെന്നും ഉദിത്ത് രാജ് ആരോപിച്ചു.