ഹിന്ദു,മുസ്‍ലിം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് റൂമുകളുമായി ഡല്‍ഹി സ്കൂള്‍
നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വസീറാബാദിലുളള എം.സി.ഡി ബോയ്സ് സ്കൂളിലാണ് കുട്ടികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നത്
വര്‍ഗീയത അതിന്റെ ഏറ്റവും വലിയ പാരമ്യതയിലെത്തിയിരിക്കുകയാണ് ഇവിടെ. കൊച്ചുകുട്ടികളില്‍ വരെ വിഷം കുത്തിവയ്ക്കുന്ന സമീപനമാണ് ഡല്‍ഹിയിലെ ഒരു പ്രൈമറി സ്കൂള്‍ സ്വീകരിച്ചിരിക്കുന്നത്. കാരണം ഈ സ്കൂളില്‍ ഹിന്ദു കുട്ടികളും മുസ്‍ലിം കുട്ടികളും പഠിക്കുന്നത് വെവ്വേറെ ക്ലാസ് മുറികളിലാണ്. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വസീറാബാദിലുളള എം.സി.ഡി ബോയ്സ് സ്കൂളിലാണ് കുട്ടികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നത്.
ഒന്നാം ക്ലാസ് എയില്‍ 36 ഹിന്ദു കുട്ടികളും ബി ഡിവിഷനില്‍ 36 മുസ്‍ലിം വിദ്യാര്‍ഥികളുമാണ് പഠിക്കുന്നത്. രണ്ടാം ക്ലാസിലെ കാര്യമെടുത്താല്‍ എ ഡിവിഷനില്‍ 47 ഹിന്ദു കുട്ടികളും സി ഡിവിഷനില്‍ 40 മുസ്‌ലിം വിദ്യാര്‍ഥികളും പഠിക്കുന്നു. അഞ്ചാം ക്ലാസ് വരെ ഇങ്ങിനെയാണ് വേര്‍തിരിച്ചിട്ടുള്ളത്. ചില കുട്ടികള്‍ സസ്യാഹാരികളാണെന്നും സ്കൂളിന്റെ സമാധാനപരമായ അന്തരീക്ഷത്തിനാണ് ഇത്തരത്തിലുള്ള വേര്‍തിരിവെന്നും സ്കൂളിന്റെ ചുമതലയുള്ള സി.ബി സിംഗ് ഷെറാവത്ത് പറഞ്ഞു. കുട്ടികളുടെയും അധ്യാപകരുടെയും താല്‍പര്യപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഷെറാവത്ത് പറയുന്നത്.