കോര്‍പറേഷന്‍ ബാങ്കിലെ കാഷ്യറെ വെടിവെച്ചുകൊന്ന് മൂന്ന് ലക്ഷം കവര്‍ന്നു
ബാങ്ക് ജീവനക്കാരേയും ഇടപാടുകാരേയും തോക്കിന്‍മുനയില്‍ നിര്‍ത്തി നടത്തിയ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഡല്‍ഹിയിലെ കോര്‍പറേഷന്‍ ബാങ്കില്‍ നിന്നും ആറംഗ മുഖം മൂടി സംഘം കാഷ്യറെ വധിച്ച് മൂന്ന് ലക്ഷം കവര്‍ന്നു. ബാങ്ക് ജീവനക്കാരേയും ഇടപാടുകാരേയും തോക്കിന്‍മുനയില്‍ നിര്‍ത്തി നടത്തിയ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഒന്നര മിനുറ്റിനുള്ളിലാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയത്.
തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചാവ്‌ല ടൗണിലെ കോര്‍പറേഷന്‍ ബാങ്കിലാണ് കവര്‍ച്ചയും കൊലപാതകവുമുണ്ടായത്. ബാങ്കിലെ സുരക്ഷാ ജീവനക്കാരന്റെ തോക്ക് പിടിച്ചുവാങ്ങിയ സംഘം ഇയാളെ മര്‍ദ്ദിക്കുന്നുണ്ട്. അതിന്‌ശേഷമാണ് കാഷ്യറെ വധിച്ച് പണവുമായി കടന്നുകളഞ്ഞത്. ഈ സമയം ബാങ്കില്‍ 10 ഇടപാടുകാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. ഇവരെയെല്ലാം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കൊലപാതകവും കവര്‍ച്ചയും നടന്നത്.
ജീവനക്കാരെയും ഇടപാടുകാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കവര്‍ച്ചക്കാര്‍ കാഷ്യറായ സന്തോഷിനോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോഴാണ് സംഘം സന്തോഷിനെ വെടിവെച്ചുകൊന്നത്. രണ്ട് വെടിയുണ്ടകളാണ് സന്തോഷിന്റെ ശരീരത്തില്‍ തറച്ചത്. കൊള്ളക്കാര്‍ പോയ ഉടന്‍ സന്തോഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കൊള്ളക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സോനിപത്ത്, നജാഫ്ഗ്രഹ് മേഖലയിലുള്ളവരാണ് ഇവരെന്നാണ് പൊലീസ് നിഗമനം. കൊള്ളക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്കായി സംഘം തിരിഞ്ഞുള്ള തീവ്ര അന്വേഷണത്തിലാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.