പത്ത് രൂപയെ ചൊല്ലി തർക്കം; സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊന്നു
പത്ത് രൂപയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ ഈ അരും കൊല നടന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം 42 വയസ്സ് പ്രായമുള്ള പ്രേംലാൽ ഗാംഗ്വാർ സുഹൃത്തായ അഹിബരൻ ലാലിൻറെ ബാർബർ ഷോപ്പിൽ മുടി വെട്ടാൻ പോയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മുടി വെട്ടിയതിനെ ചൊല്ലിയുള്ള പണത്തിലെ പത്ത് രൂപയെ ചൊല്ലിയുള്ള തർക്കം അതിര് വിട്ട് കുത്തി കൊലയിൽ എത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇരുപത് വർഷം പരിചയമുള്ള സുഹൃത്തുക്കൾ പരസ്പരം തമാശ കളിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പിന്നീടാണ് ഇത് ഗൗരവമാർന്ന കൊലയിൽ അവസാനിച്ചത്. ലാലിൻറെ മുഖത്തടിച്ച ഗാംഗ്വാറിനെ തിരിച്ച് കത്രിക കൊണ്ട് കുത്തുകയായിരുന്നെന്നും പിന്നീട് ആശുപത്രിയിലെത്തിക്കും വഴി മരണം സംഭവിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ലാൽ രക്ഷിക്കാൻ ശ്രമിച്ച ഗാംഗ്വാറിന്റെ മക്കളെയും ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് ലാലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞു.