അലഹബാദിന്റെ പേരുമാറ്റി, ഇനി പ്രയാഗ്‌രാജ്
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അലഹബാദിന്റെ പേര് പ്രയാഗ്‍രാജ് എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് മന്ത്രിസഭ പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംങാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കി മാറ്റിയ വിവരം അറിയിച്ചത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അലഹബാദിന്റെ പേര് പ്രയാഗ്‍രാജ് എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
അലഹബാദിന്റെ പേരുമാറ്റാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. കുംഭമേളക്ക് മുമ്പായി അലഹബാദിന്റെ പേര് മാറ്റാനുള്ള തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മന്ത്രി സിദ്ധാര്‍ഥ് നാഥ്‌സിംങ് മാധ്യമങ്ങളോട് പറഞ്ഞത്. ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം പ്രദേശത്തിന് പ്രയാഗ്‌രാജ് എന്നാണ് പേരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേരുമാറ്റത്തിലൂടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. 1575ല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറാണ് അലഹബാദ് നഗരത്തിന് ആ പേര് നല്‍കിയത്. ദൈവത്തിന്റെ ആലയം എന്നാണ് അലഹബാദ് എന്ന വാക്കിന്റെ അര്‍ഥം. അടുത്തിടെ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേരും യു.പി സര്‍ക്കാര്‍ മാറ്റിയിരുന്നു. ദീന്‍ ദയാല്‍ ഉപധ്യായ ജംങ്ഷന്‍ എന്നായിരുന്നു പേര് മാറ്റിയത്.