സി.ബി.എെ ഡയറക്ടര്‍ക്കെതിരെ കെെകൂലി വാങ്ങിയതിന് സി.ബി.എെ കേസ്

സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെക്കെതിരെയാണ് കെെകൂലി കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2018-10-21 16:52 GMT
Advertising

സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെക്കെതിരെ സി.ബി.ഐ കേസ്. വ്യവസായിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനക്കെതിരെ സ്വന്തം ഏജന്‍സി തന്നെ കേസെടുത്തത്. അസ്താനയും സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയും തമ്മിലുള്ള പോര് ഇതോടെ രൂക്ഷമായി.

ദീര്‍ഘനാളായി സി.ബി.ഐ ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടറും തമ്മില്‍ നിലനിന്നിരുന്ന‌ പ്രശ്നമാണ് പുതിയ തലത്തിലേക്ക് കടന്നത്. വ്യവസായി മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് വ്യവസായായി സതീഷ് സന മൊഴി നല്‍കി. മജിസ്ട്രേറ്റിന് മുന്‍പിലായിരുന്നു സതീഷ് സനയുടെ വെളിപ്പടുത്തല്‍. തുടര്‍ന്നാണ് അസ്താനക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതത്.

എന്നാല്‍ തനിക്കെതിരായുള്ള എഫ്. എെ.ആര്‍ വ്യാജമാണെന്ന് വ്യക്തമാക്കി സ്പെഷ്യല്‍ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും തമ്മിലുള്ള ഗൂഢാലോചനയാണ് സതീഷ് സനയുടെ പരാതിക്ക് പിന്നിലെന്നും അസ്താന ആരോപിക്കുന്നു. കൂടാതെ സി.ബി.ഐ ഡയറക്ടര്‍ക്കും ചീഫ് വിജിലന്‍സ് ഓഫീസര്‍ അരുണ്‍ ശര്‍മ്മക്കെതിരെയും സി.ബി.ഐ സ്പെഷ്യല്‍ ഡയറകടര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

നേരത്തെ സ്പെഷ്യല്‍ ഡയറക്ടറായുള്ള രാകേഷ് അസ്താനയുടെ നിയമനം സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ എതിര്‍ത്തിരുന്നു. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയിലെ ഒന്നാമനും രണ്ടാമനും തമ്മില്‍ നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.

Tags:    

Similar News