മോദി സര്‍ക്കാരിനെതിരെ വിമുക്ത ഭടന്‍മാരെ അണിനിരത്താന്‍ കോണ്‍ഗ്രസ്

നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി എല്ലാ മേഖലകളില്‍ നിന്നുള്ളവരുമായും കൂടിക്കാഴ്ച നടത്തുകയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

Update: 2018-10-27 11:54 GMT
Advertising

നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രതിഷേധം ആയുധമാക്കി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമുക്തഭടന്‍മാരുമായി കൂടിക്കാഴ്ച നടത്തി. റഫാല്‍ ഇടപാടിലൂടെ 30,000 കോടി അനില്‍ അംബാനിയുടെ കൈകളിലെത്തിച്ച മോദി, വിമുക്ത ഭടന്‍മാര്‍ക്കായി ഒരു രൂപ പോലും ചിലവിട്ടില്ലെന്ന് രാഹുല്‍ ആരോപിച്ചു.

നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി എല്ലാ മേഖലകളില്‍ നിന്നുള്ളവരുമായും കൂടിക്കാഴ്ച നടത്തുകയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിമുക്ത ഭടന്‍മാരുമായും കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 ഓളം പേരാണ് എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, റഫാല്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. സര്‍ക്കാരിന്‍റെ നയമില്ലായ്മയാണ് കശ്മീര്‍ പ്രശ്നം രൂക്ഷമാക്കിയതെന്നും മോദി സര്‍ക്കാര്‍ വിമുക്തഭടന്‍മാര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിമുക്തഭടന്‍മാര്‍ ആരോപിച്ചു. യു.പി.എ സര്‍ക്കാര്‍ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി എന്‍.ഡി.എ സര്‍ക്കാര്‍ നിരസിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

Tags:    

Similar News