രാജസ്ഥാനിലെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തലവേദനയാകും
വിദ്വേഷക്കൊലകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഒട്ടും പിറകിലല്ല രാജസ്ഥാന്‍. അക്രമണത്തിന് ഇരയാകുന്നതില്‍ ഏറെയും ദലിതുകളും മുസ്ലിംകളുമാണ്.
വിദ്വേഷക്കൊലകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഒട്ടും പിറകിലല്ല രാജസ്ഥാന്‍. അക്രമണത്തിന് ഇരയാകുന്നതില്‍ ഏറെയും ദലിതുകളും മുസ്ലിംകളുമാണ്. ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്ന ബി.ജെ.പിക്ക് വലിയ തലവേദനയാണ് ക്രമസമാധാന പാലനത്തിലെ പരാജയം.
ഗോരക്ഷാ ഗുണ്ടകളുടെ അഴിഞ്ഞാട്ടം പലകുറിയുണ്ടായി രാജസ്ഥാനില്‍. 55കാരനായ പെഹ് ലു ഖാനായിരുന്നു ആദ്യത്തെ ഇര. അക്രമികളെ വെറുതെവിട്ട പൊലീസ് ഇരകള്‍ക്കുമേല്‍ പശുക്കടത്തിന് കേസെടുത്തു. തലിം ഹുസൈന്‍ എന്നയാളുടെ ജീവനെടുത്തത് പൊലീസ് തന്നെയായിരുന്നു. ആരോപിക്കപ്പെട്ട കുറ്റം പശുക്കടത്ത്. ജിഹാദ് തടയാനെന്ന പേരില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്‌റാസുലിനെ ചുട്ടെരിച്ചത് രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ വെച്ചാണ്. ജയ് ശ്രീറാം എന്ന് വിളിക്കാത്തതിന് മുസ്ലിം യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതും രാജസ്ഥാനില്‍ തന്നെ. കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദലിത് വിഭാഗക്കാരനെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചു. അല്‍വാറില്‍ റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത് അടുത്തിടെയാണ്. 2015 സെപ്തംബര്‍ മുതല്‍ ഇതുവരെ അരങ്ങേറിയത് ഇത്തരം 39 ആക്രമണങ്ങള്‍. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്ക് ഹീനമായ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശും രണ്ടാമത് ഗുജറാത്തും.
ആവര്‍ത്തിക്കുന്ന അതിക്രമങ്ങളും അക്രമികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ഇവിടെ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ അര്‍ധരാത്രിയില്‍ നടക്കുന്നത് എന്തെന്നറിയാന്‍ താന്‍ ദൈവമാകണം എന്നുമാണ് വസുന്ധരയുടെ പക്ഷം. ജനസംഖ്യയില്‍ 12 ശതമാനമാണ് മുസ്ലിംകള്‍. ദലിതുകള്‍ 17.2 ശതമാനവും. ഇവരുടെ വിശ്വാസം നേടാന്‍ വസുന്ധര രാജെയ്ക്ക് ഏറെ ശ്രമിക്കേണ്ടിവരും.