റാഹിബായ് സോമയെന്ന വിത്തമ്മ: അറിയണം ബി.ബി.സി പട്ടികയിലെ ആ ഇന്ത്യക്കാരിയെ

കാര്‍ഷിക രംഗത്തെ ഇവരുടെ സംഭാവനകള്‍ കണക്കിലെടുത്താണ് ബിബിസിയുടെ 100 വനിതകളുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2018-11-20 05:44 GMT
Advertising

മഹാരാഷ്ട്രയുടെ വിത്തമ്മയെന്നാണ് റാഹിബായ് സോമ അറിയപ്പെടുന്നത്. മുഴുവന്‍ പേര് റഹീബി സോമ പൊപ്പേര. 55കാരി. നാടന്‍ വിത്തുകളെ സംരക്ഷിച്ച് കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ചതിനാണ് 76-ആം സ്ഥാനം ബി.ബി.സി റഹീബി സോമക്ക് നല്‍കിയത്. കൃഷിയെ സ്‌നേഹിക്കുക മാത്രമല്ല, റാഹിബായ് തന്റെ സമുദായത്തെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജൈവകൃഷിയില്‍ വൈവിധ്യം കൊണ്ടുവരുന്നത് എങ്ങനെയെന്നതില്‍ അവര്‍ വിദഗ്ധയാണ്. സ്വയം ആര്‍ജ്ജിച്ചെടുത്ത അറിവ് മാത്രമാണ് അതിന് അവര്‍ക്ക് മുതല്‍ക്കൂട്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ കോംബാല്‍നെ ഗ്രാമക്കാരിയാണ് റാഹിബായ്. തദ്ദേശ വിത്തിനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനം മുഴുവന്‍ ഇവര്‍ സഞ്ചരിക്കുന്നുണ്ട്. ഇതിനുപുറമെ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും ഇവര്‍ ആളുകളെ ബോധവല്‍ക്കരിക്കാറുണ്ട്. കൃഷിയില്‍ നിന്നും കെമിക്കലുകളെ അകറ്റി നിര്‍ത്തണമെന്നാണ് റഹിബായുടെ പക്ഷം. ഹൈബ്രിഡ് വിളയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതാണ് ആരോഗ്യം നശിക്കുന്നതിനും വിവിധ അസുഖങ്ങള്‍ വരുന്നതിനുമുള്ള പ്രധാന കാരണമെന്ന് ഇവര്‍ പറയുന്നു.

പ്രാദേശികമായ കൃഷിക്കും കൃഷി ഉത്പന്നങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. അവയ്ക്ക് രാസവളങ്ങളുടെ അമിത ഉപയോഗവും അധിക വെള്ളവും ആവശ്യമില്ല. മാത്രമല്ല അതുകൊണ്ടുതന്നെ അത്തരം കൃഷികള്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുകയും അതുവഴി വരള്‍ച്ചയും രോഗങ്ങളും തടയുകയും ചെയ്യും. മഹാരാഷ്ട്രയിലെ വിത്തമ്മ റാഹിബായ് സോമ പോപെറെയുടെ വാക്കുകളാണിത്.

മഹാരാഷ്ട്രയിലും സമീപ പ്രദേശങ്ങളിലും സഞ്ചരിച്ച് പോഷക ഗുണമുള്ള വിത്തുകള്‍ ശേഖരിക്കുക എന്നത് റാഹിബായ്ക്ക് ഒരു ധ്യാനമാണ്. വിത്തുകളുടെ ഗുണനിലവാരത്തെപ്പറ്റി അവര്‍ നിരന്തരം കര്‍ഷകരെ ബോധവാന്മാരാക്കുന്നു. ജൈവകൃഷി, കാര്‍ഷിക ജൈവവൈവിധ്യം, വന്യഭക്ഷണ വിഭവങ്ങള്‍ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നു. തദ്ദേശീയ വിളകളുടെ ഗുണങ്ങളും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും റാഹിബായി ജനങ്ങളിലേക്ക് എത്തിക്കാന്‍ നിരന്തരം ശ്രമിക്കുന്നു.

ഹൈബ്രിഡ് വിത്തുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പേറ്റന്റ് ചെയ്യുന്നതിനും വന്‍തോതിലുള്ള വിത്തു വിതരണ കമ്പനികള്‍ വന്നതോടെ തദ്ദേശീയ വിത്തുകള്‍ക്ക് വംശനാശം സംഭവിച്ചു. കര്‍ഷകര്‍ വിത്തുകള്‍ക്കായി ഇത്തരം കമ്പനികളെയാണ് സമീപിക്കുന്നത്. ഹൈബ്രിഡ് വിത്തുകള്‍ അടുത്ത വിത കാലത്തിലേക്ക് സൂക്ഷിച്ചു വയ്ക്കാനാവില്ല. അപ്പോള്‍ വീണ്ടും കമ്പനിയെ തന്നെ ആശ്രയിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജനിതക വൈവിധ്യം ഉറപ്പു വരുത്തുന്നതിനും കൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി പ്രാദേശിക വിളകളുടെ സംരക്ഷണമേറ്റെടുത്തതെന്ന് റാഹിബായ് പറയുന്നു.

റാഹിബായിയുടെ അമ്പതാം വയസിന്റെ തുടക്കത്തില്‍ മഹാരാഷ്ട്രയിലെ കൊംഫാല്‍നെ ഗ്രാമവാസികൾ ഹൈബ്രിഡ് വിത്തുകളില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ കഴിച്ചതിലൂടെ രോഗ ബാധിതരായി. ഹൈബ്രിഡ് വിളകളുടെ അമിത ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമെന്ന് മനസ്സിലാക്കിയ ഗ്രമാവാസികള്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കി.

തുടര്‍ന്ന് തദ്ദേശീയ വിത്തുകളുടെ ഗുണനിലവാരത്തെപ്പറ്റിയും അവയുടെ പോഷക ഗുണത്തെപ്പറ്റിയും മനസ്സിലാക്കിയ റാഹിബായി ചില വനിത കര്‍ഷകരുടെ സഹായത്തോടെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ അകോലെ താലൂക്കില്‍ നിന്ന് തദ്ദേശീയ വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങി. കല്‍സുബൈ പരിസര്‍ ബിയാനീ സംവര്‍ദ്ധന്‍ സമിതി എന്ന പേരില്‍ തദ്ദേശീയ വിത്തുകളുടെ ശേഖരണത്തിനായി ഒരു സ്വയം സഹായ സംഘവും റാഹിബായി ആരംഭിച്ചു. ഭൂപ്രകൃതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞ റാഹിബായി 15 തരം നെല്‍വിത്തിനങ്ങള്‍, 9 തരം പയറുവര്‍ഗ്ഗങ്ങള്‍, 60 തരം പച്ചക്കറികള്‍, കൂടാതെ ധാരാളം എണ്ണക്കുരുക്കള്‍ എന്നിവയുടെ വിത്തുകള്‍ ശേഖരിച്ചു.

റാഹിബായിയുടെ കുടുംബത്തില്‍ ഏഴ് അംഗങ്ങളാണുള്ളത്. കര്‍ഷകരായ ഇവര്‍ മഴക്കാലമായാല്‍ അകോലെയിലെ പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളായി മാറും. ഇതിന് പരിഹാരം കാണാൻ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നേക്കര്‍ സ്ഥലത്ത് മഴക്കാല കൃഷി ആരംഭിച്ചു. നാലേക്കര്‍ സ്ഥലം വെറുതെ ഇട്ടു. വെറുതെ കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും ആരഭിച്ചു. മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹായത്തോടെ കോഴി വളര്‍ത്തലും പഠിച്ചു. മാത്രമല്ല, ഒരു നഴ്‌സറി ആരംഭിക്കുകയും ജൈവകൃഷിയില്‍ വിവിധ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

നെല്ല് വളര്‍ത്തുന്നതിലെ നാല് ഘട്ടങ്ങള്‍ റാഹിബായി പഠിച്ചു. വൈക്കോലിന്റെ ചാരവും പച്ചിലവളമായി ശീമക്കൊന്നയുടെ ഇലകളും അവര്‍ ഉപയോഗിച്ചു. മെച്ചപ്പെട്ട കൃഷിരീതികളുടെ ഉപയോഗത്താല്‍ വിളവ് 30 ശതമാനം വര്‍ധിപ്പിക്കാന്‍ റാഹിബായിക്ക് കഴിഞ്ഞു. ബീന്‍സിന്റെ കൃഷിയും അവര്‍ പഠിച്ചെടുത്തു. താന്‍ പഠിച്ചതെല്ലാം വളരെ വിജയകരമായി അവര്‍ കൃഷി ചെയ്തു. അതില്‍ നിന്ന് വിത്ത് ശേഖരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

ചെംദിയോബാബ മഹിള ബചത് ഗട്ട് എന്ന പേരില്‍ മറ്റൊരു സ്വയം സഹായ സംഘവും റാഹിബായ് ആരംഭിച്ചു. ഇതിലൂടെ ഹെല്‍ത്ത് ക്യാമ്പുകളും സോളാര്‍ വിളക്കുകളുടെ വിതരണവും കാര്‍ഷിക മുന്നേറ്റങ്ങളും നടത്തി.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രഘുനാഥ് ആനന്ദ് മഷേല്‍ക്കര്‍ സീഡ് മദര്‍ എന്ന പദവി നല്‍കി റാഹിബായിയെ ആദരിച്ചു. അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി റാലെഗന്‍ സിദ്ധിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാഹസാരെയ്‌ക്കൊപ്പം അവര്‍ വേദി പങ്കിട്ടു. 2016ലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അകോലെ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ സംരക്ഷണത്തിലെ സേവനത്തിന് റാഹിബായിയെ ആദരിച്ചു.

തദ്ദേശീയമായ വിത്തുകളിലൂടെ കൃഷി നടത്താന്‍ കര്‍ഷകര്‍ തയ്യാറാവണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഒരു വിത്തു ബാങ്കും റാഹിബായി ആരംഭിച്ചു. വാങ്ങിയ വിത്തിന്റെ രണ്ടിരട്ടി മടക്കി നല്‍കണമെന്ന വ്യവസ്ഥയിലാണ് കര്‍ഷകര്‍ക്ക് വിത്ത് നല്‍കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇപ്പോള്‍ ഗ്രാമത്തില്‍ നിന്ന ബ്ലോക്ക് തലം വരെ വ്യാപിച്ചു കഴിഞ്ഞു.

250 വ്യത്യസ്ത ഇനം വിളകള്‍ സംരക്ഷിക്കാനും അവയുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് റാഹിബായി ആഗ്രഹിക്കുന്നത്. ആദിവാസി കുടുംബങ്ങളുടെ പോഷക സുരക്ഷ ഉറപ്പു വരുത്തുന്നതിന് 25,000 കുടുംബങ്ങളില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കാനും റാഹിബായി പദ്ധതിയിടുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും റാഹിബായിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രകടമായ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ കാര്‍ഷിക മേഖലയിലെ ജനിതക വൈവിധ്യത്തിന് വലിയ സംഭാവനയാണ് റാഹിബായി നല്‍കിയത്.

Full View
Tags:    

Similar News