സ്വപ്നങ്ങളില്‍ ഞാന്‍ എന്റെ മകനെ കാണുന്നു:  നോവുന്ന തമിഴ് ജീവിതങ്ങളിലൂടെ.....

അപ്രത്യക്ഷമായ കുടുംബാംഗങ്ങളുടെ ശബ്ദമായി തീരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

Update: 2018-11-24 21:23 GMT
Advertising

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷം ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അപ്രത്യക്ഷമായവര്‍ രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1983നും 2009നും ഇടയില്‍ 65,000ത്തിലധികം പേര്‍ കാണാതായിരിക്കുന്നു. കാണാതായവരുടെ തമിഴ് കുടുംബങ്ങളുടെ പ്രത്യാശയും ശക്തിയും പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് മാര്‍ക്കോ വല്ലെയുടേത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാനുവല്‍ ഉദചന്ദ്രയുടെ മകനെ ശ്രീലങ്കന്‍ സൈന്യം കൊണ്ടുപോയി ചോദ്യം ചെയ്യുന്നത്. പിന്നീട് അവര്‍ തന്റെ മകനെ ഒരിക്കലും കണ്ടിട്ടില്ല. മകനു വേണ്ടിയുള്ള കാത്തിരിപ്പ് ഉദചന്ദ്ര അവസാനിപ്പിച്ചിട്ടുമില്ല. ഈ വര്‍ഷം അവര്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയുണ്ടായി. അപ്രത്യക്ഷമായവരുടെ കുടുംബാംഗങ്ങളുടെ ശബ്ദമായിത്തീരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

കൊളംബോയെ ബദുല്ല ജില്ലയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാളത്തിലൂടെ രണ്ടുപേര്‍ നടക്കുന്നു. ശ്രീലങ്കയിലെ ഇപ്പോഴത്തെ ജനസംഖ്യയില്‍ 74 ശതമാനവും സിംഹളരാണ്. അവശേഷിക്കുന്നവരില്‍ തമിഴര്‍ പതിനെട്ട് ശതമാനവും അറബികള്‍ ഏഴ് ശതമാനവും വെദ്ദ ഒരു ശതമാനവുമാണ്.

കഴിഞ്ഞ 349 ദിവസങ്ങളായി കിരിമ്പാഞ്ചിയിലെ ശാന്തിനഗരത്തില്‍ താമസിക്കുന്നവര്‍ ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തിലാണ്. കാണാതായവരുടെ പട്ടികയിലുള്ള കുട്ടികളെ മോചിപ്പിക്കുക, രഹസ്യ തടവറകളില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കുക, രാഷ്ട്രീയ തടവുകാരുടെ മോചനം, വടക്കന്‍ പ്രദേശങ്ങളിലെ സൈന്യത്തെ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം.  പ്രതിഷേധത്തിന്റെ 365-ാം ദിവസം അവര്‍ നിരാഹാര സമരം തുടങ്ങാനിരിക്കുകയാണ്.

വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌ന ഉപദ്വീപിലെ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന വീട്. ശ്രീലങ്കന്‍ ഗവണ്‍മെന്റ് പിടിച്ചടക്കിയതും കൈവശപ്പെടുത്തിയതുമായ തമിഴ് ഭൂമികളും സ്വത്തുക്കളും ഇപ്പോഴും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയിട്ടില്ല.

തമിഴ് പുലികളും (എല്‍.ടി.ടി.ഇ) സര്‍ക്കാരിന്റെ സിംഹള സൈന്യവും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തില്‍ അപ്രത്യക്ഷരായ തമിഴരെ കുറിച്ചുള്ള വിവരങ്ങള്‍ വര്‍ഷങ്ങളായി ശേഖരിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക പ്രവര്‍ത്തകനാണ് തിലിപാന്‍. അപ്രത്യക്ഷരായവരുടെ എണ്ണം 65,000 മുതല്‍ 100,000 വരെയാണ്.

പ്രധാന ദ്വീപിനെ മാന്നാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന  പാലത്തില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മനുഷ്യന്‍. 1990ല്‍ തമിഴ് പുലികള്‍ (എല്‍.ടി.ടി.ഇ) ഗവണ്‍മെന്റിന്റെ സേനയുമായി നടത്തിയ യുദ്ധത്തിലാണിത് തകര്‍ന്നത്. എന്നാല്‍ 2010ല്‍ പുതിയ പാലം നിര്‍മ്മിക്കപ്പെടുകയുണ്ടായി.

മാന്നാര്‍ ജില്ലയില്‍ നിന്ന് കാണാതായവരുടെ ചിത്രങ്ങളും ഫയലുകളും. 65,000 പേരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തോളം വരുന്നവരെ പട്ടാളവും അര്‍ദ്ധസൈനിക വിഭാഗങ്ങളും തട്ടിക്കൊണ്ടുപോവുകയും അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.

മാന്നാര്‍ ജില്ലയില്‍ നിന്ന് കാണാതായവരുടെ രേഖകള്‍ സൂക്ഷിച്ച ഫയലുകള്‍.

2008ല്‍ സിംഹള സൈനികര്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോയ സിനിസ്രന്റെ അച്ഛനാണ് 65കാരനായ അന്റോണ്‍. മകന്‍ അപ്രത്യക്ഷമായതിനുശേഷം അദ്ദേഹം വിഷാദരോഗിയായിത്തീരുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മാനുവല്‍ പറയുന്നു: ' സിനിസ്രണ്‍ അപ്രത്യക്ഷമായതു മുതല്‍ എന്റെ ഭര്‍ത്താവ് വലിയ വിഷാദത്തിലാണ്. അദ്ദേഹം  മുറി വിട്ട് പുറത്തുപോകാറില്ല. സ്വപ്നങ്ങളില്‍ ഞാന്‍ എന്നും കാണുന്നത്, അച്ഛനെ കൈവിടരുതെന്നു ആവശ്യപ്പെടുന്ന എന്റെ മകന്റെ മുഖമാണ്. ശ്രീലങ്കന്‍ ഭരണകൂടമാണ് സിനിസ്രനെ തട്ടിക്കൊണ്ടുപോയത്. എന്താണവന് സംഭവിച്ചത്? ഇപ്പോഴവന്‍ എവിടെയാണുള്ളത? ഭരണകൂടത്തിന് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്.

ജാഫ്‌നയിലേക്കുള്ള വഴിയില്‍ ഒരു ബ്രാഹ്മണന്‍ രുക്ക് കുഴലുമായി യാത്രക്കാരനെ അനുഗ്രഹിക്കുന്നു. തമിഴ്‌നാടിന്റെ ഭരണ തലസ്ഥാനമായ കിലിനോച്ചിയെ അധീനപ്പെടുത്താന്‍  വേണ്ടി  യുദ്ധങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലൊന്നാണ് ആനവഴി എന്നറിയപ്പെടുന്ന് ഈ പ്രദേശം. ശ്രീലങ്കയുടെ ഭരണ തലസ്ഥാനമാണിത്.

2004ലെ സുനാമിയില്‍ ഏറ്റവുമധികം നാശം ഭവിച്ച പ്രദേശങ്ങളിലൊന്നായ ബട്ടിക്കലോവ ബീച്ചിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍. അന്ന് 30,000ത്തിലധികം ശ്രീലങ്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. രണ്ടു വര്‍ഷത്തെ വെടിനിര്‍ത്തലിനാണ് അത് കാരണമായത്. എന്നാല്‍  കാണാതയവരുടെയും കൊല്ലപ്പെട്ടവരുടെയും വിവരങ്ങള്‍  മറച്ചുവെക്കാന്‍ അതിലൂടെ ഭരണകൂടത്തിന് സാധിച്ചെന്ന് ചില തമിഴര്‍ ആരോപിക്കുന്നുണ്ട്.

മുത്തന്‍ (68), കിലിനോച്ചി ജില്ലക്കാരന്‍. അദ്ദേഹത്തിന്റെ മകന്‍ രതായിഷ്‌വരനെ എല്‍.ടി.ടി.ഇ തട്ടിക്കൊണ്ട് പോവുകയും ഏറ്റുമുട്ടലുകളില്‍ മുന്‍നിര പോരാളിയായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീടവനെ സിംഹള സൈന്യം പിടികൂടുകയുണ്ടായി. അതിനുശേഷം അവനെന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. മുത്തന്‍ ഇപ്പോഴും അവനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറയുന്നു: 'എന്റെ മകനെ 2008 ജൂണില്‍ എല്‍.ടി.ടി.ഇ തട്ടിക്കൊണ്ടു പോവുകയും മുല്ലയ്ട്ടിവു, കിലിനോച്ചി ജില്ലകളില്‍ മുന്‍നിര പോരാളിയായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.  മകനെ കാണാതായി രണ്ടുമാസങ്ങള്‍ക്കു ശേഷമാണ് പരിക്കേറ്റ നിലയില്‍ അവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഞാനറിയുന്നത്. യുദ്ധത്തിന് ശേഷമാണ് അവനെ തേടിയുള്ള എന്റെ അന്വേഷണം ആരംഭിക്കുന്നത്'.

ഒരു ദിവസം വീട്ടിലേക്കു തിരികെ വരുമെന്ന പ്രതീക്ഷയില്‍ രഥായിശ്വരന്റെ മാതാപിതാക്കള്‍ അവന്റെ വസ്ത്രങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നുണ്ട്. 2012ലാണ് ഒരു പ്രാദേശിക പത്രത്തില്‍ അര്‍ദ്ധ നഗ്‌നരായ ഒരു കൂട്ടം ജയില്‍വാസികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നത്. ആ ഫോട്ടോയില്‍ നിന്ന് മുത്തന്‍ തന്റെ മകനെ തിരിച്ചറിയുകയും ചെയ്തു. അദ്ദേഹം പറയുന്നു: 'ഞാന്‍ അവിടെ എത്തിയപ്പോഴേക്കും അവന്‍ അപ്രത്യക്ഷനായിരുന്നു.  ആ വാര്‍ത്തക്ക് ശേഷം ഞാനവനെ എല്ലായിടത്തും അന്വേഷിക്കാന്‍ തുടങ്ങി. പ്രാദേശിക - ദേശീയ ഭരണകൂട പ്രതിനിധികള്‍ക്ക് മുമ്പില്‍ പരാതി ബോധിപ്പിക്കുകയും ചെയ്തു. അതേത്തുടര്‍ന്നാണ് രണ്ട് പോലീസുകാര്‍ എന്റെ വീട്ടിലെത്തുന്നതും മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കുന്നതും. ഞാനവനെ അന്വേഷിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം'.

കാണാതായവരുടെ  ബന്ധുക്കള്‍ക്ക് പ്രതിവിധി ആവശ്യപ്പെട്ട് മുത്തന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അനുരാധപുരയില്‍ സ്ഥിതിചെയ്യുന്ന അമ്പലങ്ങളിലെ പ്രാര്‍ത്ഥനക്ക് ശേഷം  അരുവി അരു പുഴയില്‍ കുളിക്കാന്‍ പോവുന്ന ബുദ്ധമതക്കാര്‍. ഭൂരിഭാഗം ശ്രീലങ്കക്കാരും ബുദ്ധമതക്കാരാണ് (70%), ഹിന്ദു (15%), ക്രിസ്ത്യാനികള്‍ (8%), മുസ്ലീം (7%). വംശീയ സംഘര്‍ഷങ്ങള്‍ ശക്തമായതോടെ രാജ്യത്ത് തീവ്ര മതവിഭാഗങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഒരു സംഘം ബുദ്ധമതക്കാര്‍ കാന്‍ഡി നഗരത്തിലെ മുസ്ലിംകളുടെ കടകള്‍ക്ക് തീവെച്ചത്. അതേത്തുടര്‍ന്ന് പ്രസിഡന്റ് രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

മാന്നാര്‍ നഗരത്തിലെ ക്രൈസ്തവ ഘോഷയാത്രയില്‍ അണിനിരന്ന  വിദ്യാര്‍ത്ഥിനികള്‍. യുദ്ധം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണിത്.

വിചാരണക്കായി കൊണ്ട് പോയ തമിഴ് വിദ്യാര്‍ഥിയായ സിനിസ്രന്റെ സഹോദരിയാണ് ഇരുപത്തേഴുകാരിയായ കൗസാനിയ. സഹോദരന്റെ തിരോധാനത്തിന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം  ശ്രീലങ്ക വിട്ട് യൂറോപ്പിലേക്ക് പോകാനാണ് കൗസാനിയയുടെ ആഗ്രഹം. അവളുടെ ഭര്‍ത്താവ് അവിടെ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്.

ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയ എല്‍.ടി.ടി.ഇ ഭീകരന്റെ വീട്ടിനകത്തുള്ള ഒരു ദേവാലയം. അവന്റെ സഹോദരിയെ സൈന്യം കൂട്ട ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തുകയുണ്ടായി.

തമിഴ് പുലികള്‍ക്കെതിരെ സിംഹള സൈന്യം വിജയം വരിച്ചതിന്റെ നിരവധി സ്മാരകങ്ങളിലൊന്നാണിത്.

ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തില്‍ നിന്ന് ശ്രീലങ്ക സ്വാതന്ത്യം നേടിയതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന തമിഴന്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ തമിഴ് സമൂഹം രാജ്യത്തെ ഉയര്‍ന്ന വിഭാഗത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.

Tags:    

Similar News