‘സ്വയം രാജ്യസ്നേഹിയെന്ന് നടിച്ച് നടക്കുന്നവരെ അവന്‍ എതിര്‍ത്തിരുന്നു’ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മകളുമായി അച്ഛന്‍ 

ഭീകരരെ നേരിടുന്ന അവസരത്തില്‍ സഹപ്രവർത്തകർക്ക് സന്ദീപ് അവസാനമായി അയച്ച സന്ദേശം. ‘ആരും അടുത്തേക്ക് വരരുത്, അവരെ ഞാൻ കൈകാര്യം ചെയ്തോളാം’ എന്നായിരുന്നു.

Update: 2018-11-25 14:47 GMT
Advertising

മുംബൈ ഭീകരാക്രമണത്തിന്‍റെ പത്താം വാർഷിക ദിനമാണ് നാളെ. ഈ വേളയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ ഓര്‍മ്മിക്കാതിരിക്കാനാവില്ല. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ ആക്രമണത്തിലാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്തസാക്ഷിയായത്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരുവിലെ വീട്ടിൽ ചെന്നാല്‍ ഇപ്പോഴും സന്ദീപിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്നത് കാണാം. രണ്ടുനില വീട് നിറയെ സന്ദീപിന്‍റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും എഴുത്തുകളും സന്ദേശങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുമെല്ലാമാണ്. ഒരേ സമയം ഇവിടെയെത്തുന്ന സന്ദർശകരെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ഓര്‍മ്മച്ചിത്രങ്ങള്‍.

''ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുന്ന മനോഭാവമായിരുന്നു സന്ദീപിന്‍റേത്. അക്കാര്യത്തില്‍ സച്ചിൻ ടെണ്ടുൽക്കറായിരുന്നു അവന്റെ ഇഷ്ട വ്യക്തിത്വം.'' അച്ഛൻ ഉണ്ണികൃഷ്ണൻ ഓര്‍മ്മിക്കുന്നു. ''രാജ്യം ജയിക്കണമെന്നായിരുന്നു എപ്പോഴും അവന്‍റെ ആഗ്രഹം. ഇന്ത്യ ഒരു ക്രിക്കറ്റ് മാച്ച് തോൽക്കുമ്പോൾ പോലും അവന്‍ നിരാശനാകുമായിരുന്നു. ഐ.എസ്.ആർ.ഒ ദൌത്യം പരാജയപ്പെടുമ്പോള്‍ അവൻ എന്നെ സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു. പരാജയം അവൻ ഇഷ്ടപ്പെട്ടിരുന്നില്ല.'' ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ പറയുന്നു.

സന്ദീപിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അച്ഛന് പറയാനുള്ളത് ഇതാണ്.. ''അതേക്കുറിച്ച് ആദ്യം എനിക്ക് അറിയില്ലായിരുന്നു. അവൻ പോയ ശേഷമാണ് അറിയുന്നത്. അവന്‍റെ ബാക്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ 3000- 4000 രൂപ മാത്രമാണ് ബാലൻസ് ഉണ്ടായിരുന്നത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളും മറ്റും വാങ്ങാൻ കൂടുതൽ പണം ചെലവിട്ടതുകൊണ്ടാവാം ബാങ്ക് ബാലൻസ് കുറഞ്ഞതെന്ന് കരുതി. എന്നാൽ പിന്നീട് അവന്‍റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അവന്‍ കൂടുതൽ പണം ചെലവിട്ടിരുന്നതായി മനസിലായത്.’’

‘’ഒരു സുഹൃത്തിന്റെ അമ്മയുടെ ചികിത്സാച്ചെലവ് പൂർണമായും അവൻ ഏറ്റെടുത്തിരുന്നു. നിരവധി ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് മാസം തോറും പണം നൽകുമായിരുന്നു. അവന്‍ പോയ ശേഷം അത്തരം സ്ഥാപനങ്ങളിൽ നിന്നും സന്ദേശങ്ങൾ വന്നപ്പോഴാണ് അക്കാര്യവും മനസിലായത്.'' ഉണ്ണികൃഷ്ണൻ പറയുന്നു.

ദേശീയതയെ പിന്തുണച്ച ആളായിരുന്നു സന്ദീപെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. ''അവനെ സംബന്ധിച്ചിടത്തോളം ദേശസ്നേഹം എന്നത്, ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ദേശസ്നേഹിയെന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന ആളുകളെ അവന്‍ എതിര്‍ത്തിരുന്നു.''

''ഭീകരരെ നേരിടുന്ന അവസരത്തിലായിരുന്നു സഹപ്രവർത്തകർക്ക് സന്ദീപ് അവസാനമായി സന്ദേശം അയച്ചത്. 'ആരും അടുത്തേക്ക് വരരുത്, അവരെ ഞാൻ കൈകാര്യം ചെയ്തോളാം' എന്നായിരുന്നു അത്.'' ഉണ്ണികൃഷ്ണൻ ഓര്‍മിക്കുന്നു.

എൻ.എസ്.ജി കമാൻഡോ സംഘത്തിന്‍റെ തലവനായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബൈ താജ് ഹോട്ടലിൽ ഭീകരരെ നേരിടുന്നതിനിടെയാണ് വീരമൃത്യു വരിച്ചത്. 2009 ജനുവരി 26ന് രാജ്യം അശോകചക്ര ബഹുമതി നൽകി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു.

Tags:    

Similar News