'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, നാരീശക്തി ഭരണഘടനയുടെ കരുത്ത്'- പ്രധാനമന്ത്രി
"രാജ്യത്തിന്റെ ഐക്യം പ്രധാനം, ആർട്ടിക്കിൾ 370 പിൻവലിച്ചത് ആ ഐക്യം മുൻനിർത്തി"
ന്യൂഡൽഹി: ലോക്‌സഭയിലെ ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷമുയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ആണെന്നാണ് പ്രധാനമന്ത്രി ലോക്‌സഭയിൽ പ്രസംഗിച്ചത്. നാരീശക്തിയാണ് ഇന്ത്യൻ ഭരണഘടനയുടെ കരുത്ത് എന്നും ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വി.ഡി സവർക്കറെ ഉദ്ധരിച്ച് ഇന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് ലോക്‌സഭയിൽ ഭരണഘടനാ ചർച്ച സംഘടിപ്പിച്ചത്. ഭരണഘടനാ ശില്പികളെ സ്മരിച്ച മോദി ഭരണഘടനയെ ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് പരാമർശിച്ചാണ് പ്രസംഗം തുടങ്ങിയത്. ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കു വച്ച മോദി, പ്രസംഗത്തിൽ ഭരണനേട്ടങ്ങളും എണ്ണിപ്പറഞ്ഞു.
മോദിയുടെ വാക്കുകൾ:
"രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിത്. ഭരണഘടനയുടെ 75ാം വാർഷികോത്സവത്തിൽ പാർലമെന്റും പങ്കുചേർന്നത് സന്തോഷകരം. ഭരണഘടനാ ശിൽപികൾക്കൊപ്പം രാജ്യത്തെ ജനങ്ങളെയും ആദരവോടെ കാണുകയാണ്. ലോകത്തിന് മാതൃകയാണ് ഭാരതീയ സംസ്‌കാരം. ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ ലോകത്ത് അറിയപ്പെടുന്നത് തന്നെ. ഇന്ത്യൻ ഭരണഘടനയെ ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നാരീശക്തിയാണ് ഭരണഘടനയുടെ കരുത്ത്.
സ്ത്രീകൾ നയിക്കുന്ന വികസനം എന്ന കാഴ്ചപ്പാട് ജി 20 യിൽ അവതരിപ്പിച്ചു. വനിത സംവരണ ബിൽ എല്ലാവരും ചേർന്ന് പാസാക്കി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും. ആദിവാസി വനിത രാഷ്ട്രപതി പദവിയിൽ എത്തിയത് ഭരണഘടനയുടെ ശക്തി. മന്ത്രിസഭയിലും പാർലമെന്റ് അംഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം കൂടി. ഇതെല്ലാം കൊണ്ടുതന്നെ 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും.
നാനാത്വത്തില്‍ ഏകത്വം ഭാരതത്തിന്‍റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യത്തിന് ശേഷം സ്വാർഥത മൂലം ഏകത്വം ഇല്ലാതായി. നാനാത്വത്തെ ആഘോഷിക്കേണ്ടതിന് പകരം ഭിന്നത സൃഷ്ടിച്ചു. ആർട്ടിക്കിൾ 370 രാജ്യത്തിന്റെ ഏകതക്കുള്ള പ്രധാന തടസ്സമായിരുന്നു. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. അത് മുൻ നിർത്തിയാണ് ആർട്ടിക്കിൽ 370 പിൻവലിച്ചത്.
മനുസ്മൃതിയാണ് ഭരണഘടനയെന്ന് പറഞ്ഞ സവർക്കറെ ബിജെപി തള്ളിപ്പറയുമോ എന്നായിരുന്നു ഇന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. ഭരണഘടനയുടെ പ്രതി ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കളെന്നും മനുസ്മൃതിയെ വാഴ്ത്തിയ ഇവരെ ബിജെപി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചിരുന്നു.