മൻമോഹൻസിംഗ് കാലത്തും ഇന്ത്യ മൂന്ന് മിന്നലാക്രമണങ്ങൾ നടത്തി: രാഹുൽ ഗാന്ധി
താന്‍ ഹിന്ദുവാണെന്ന് അഭിപ്രായപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹിന്ദു ധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും അറിയില്ല. എന്ത് തരം ഹിന്ദുവാണ് മോദിയെന്നും രാഹുല്‍ പരിഹസിച്ചു
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മൂന്ന് തവണ പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും രാഹുല്‍ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. രാഹുല്‍ ഗാന്ധി സൈന്യത്തെ കളിയാക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
പാകിസ്ഥാനില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തെ രാഷ്ടീയമായി ഉപയോഗപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് രാഹുല്‍ ആരോപിച്ചു. മുമ്പ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മൂന്ന് തവണ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ട്. മിന്നലാക്രമണം നടത്തുന്നത് പുറത്തറിയുന്നില്ലെങ്കിലേ ഉപകാരപ്രദമാകൂ എന്നതായിരുന്നു സൈന്യത്തിന്റെ അഭിപ്രായം. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായി നരേന്ദ്രമോദി സൈനിക നടപടി രാഷ്ട്രീയവല്‍ക്കരിച്ചു. താന്‍ ഹിന്ദുവാണെന്ന് അഭിപ്രായപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹിന്ദു ധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും അറിയില്ല. എന്ത് തരം ഹിന്ദുവാണ് മോദിയെന്നും രാഹുല്‍ പരിഹസിച്ചു
അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി സൈന്യത്തെ കളിയാക്കുകയാണെന്ന് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മറ്റൊന്നും ഉയര്‍ത്തികാട്ടാന്‍ ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുന്‍പ് അയോധ്യവിഷയം ബി.ജെ.പി ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് രാജസ്ഥാന്‍ അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ആരോപിച്ചു.