വിവാഹാഘോഷത്തിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ വരന്‍ അറസ്റ്റില്‍

പൊലീസെത്തുമ്പോള്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു അല്‍ത്താഫ്. നേരത്തെയും ഇവര്‍ സമാനമായ രീതിയില്‍ മൊബൈല്‍ ഫോണുകള്‍...

Update: 2018-12-02 11:51 GMT
Advertising

ഫോണ്‍ മോഷ്ടിച്ച വരനെ വിവാഹാഘോഷത്തിനിടെ അറസ്റ്റു ചെയ്തു. വരന്‍ അജയ് സുനില്‍ ദോത്തി(22) സുഹൃത്ത് അല്‍ത്താഫ് മിശ്ര(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച സുനില്‍ദോത്തിയുടെ വിവാഹത്തിന്റെ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്.

അല്‍ത്താഫും സുഹൃത്തും ചേര്‍ന്ന് വഴിയരികിലൂടെ മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ ബൈക്കിലെത്തി തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. മോഷണത്തിന് സുഹൃത്തിന്റെ ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. അമര്‍ മഹാല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച്ച രാവിലെ 9.30 നാണ് മോഷണം നടന്നത്. 10,000 രൂപയുടെ ഫോണാണ് മോഷ്ടിച്ചത്. ബൈക്കിന്റെ നമ്പര്‍ പ്ലെയ്റ്റ് മറച്ചായിരുന്നു മോഷണം.

മൊബൈല്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സംഭവസ്ഥലത്തിന്റെ സമീപത്തുള്ള സി.സി.ടി.വികളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. തുടര്‍ന്ന് ചില സൂചനകള്‍ ഉപയോഗിച്ച് പ്രാദേശികമായി നടത്തിയ അന്വേഷണമാണ് സംഭവത്തിന് പിന്നില്‍ സുനില്‍ ദോത്തിയും അല്‍ത്താഫുമാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ സംഭവം നടന്ന തിങ്കളാഴ്ച്ച തന്നെ ഈ ഫോണ്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പൊലീസ് സുനില്‍ ദോത്തിയുടെ വീട്ടിലെത്തി വിവാഹ ആഘോഷങ്ങള്‍ക്കിടെ വരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസെത്തുമ്പോള്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു അല്‍ത്താഫ്. നേരത്തെയും ഇവര്‍ സമാനമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നെന്നും മറ്റു പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പരാതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളെയാണ് ഇവര്‍ പലപ്പോഴും ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News