വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് വീണ്ടും പ്രിയങ്ക
രാജ്യത്തെ രക്ഷിക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു
കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വലിയ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു. പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചാണ് പ്രിയങ്ക വയനാട്ടില്‍ നിന്ന് മടങ്ങിയത്.
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി രണ്ടാം ദിവസമാണ് തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി കോളനിയിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത കുമാറിൻറെ വീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ചു. ജില്ലയില്‍ നിന്ന് ഐ.എ.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെയും കുടുംബത്തെയും പ്രിയങ്ക നേരില്‍ കണ്ട് അഭിനന്ദിച്ചു. കൂടിനിന്നിരുന്ന നാട്ടുകാർക്ക് ഇടയിലേക്ക് ഇറങ്ങി സൗഹൃദം പങ്കുവെക്കാനും പ്രിയങ്ക മറന്നില്ല.