വെറ്റിനറി ഡോക്ടറുടെ കൊലപാതകം; അറസ്റ്റിലായവരെ കസ്റ്റഡിയിൽ വേണമെന്ന പൊലിസിന്‍റെ ഹരജി ഇന്ന് കോടതിയില്‍
ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്
ഹൈദരബാദിലെ വെറ്റിനറി ഡോക്ടറുടെ കൊലപാതക കേസിൽ അറസ്റ്റിലായവരെ കസ്റ്റഡിയിൽ വേണമെന്ന പൊലിസിന്‍റെ ഹരജി ഷഡ് നഗർ കോടതി ഇന്ന് പരിഗണിയ്ക്കും. ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. കേസിൽ നാലു പേരാണ് അറസ്റ്റിലായത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഷംഷാബാദ് പൊലീസിന്‍റെ അപേക്ഷ. പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ പ്രഖ്യാപിച്ചത് സംബന്ധിച്ച കാര്യങ്ങളും കോടതി പരിശോധിച്ചേക്കും.
കേസിന്‍റെ വിചാരണ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി അതിവേഗ കോടതി ആരംഭിക്കാൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നിർദ്ദേശം നൽകിയിട്ടുണ്ട്. വാരംഗലിലുണ്ടായ സമാനമായ കേസിൽ അതിവേഗ കോടതി 56 ദിവസം കൊണ്ടാണ് വിധി പ്രസ്താവിച്ചത്. അത് ഇവിടെയും ആവർത്തിയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇന്നലെ കേന്ദ്ര മന്ത്രിസഭയിലും വിഷയം ചർച്ചയായി.
പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിയ്ക്കണമെന്ന് തെലങ്കാന മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. കേസിൽ നാലു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനർമാരായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്ന കേശവലു എന്നിവരാണത്. ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഹൈദരബാദ് ബംഗളുരു ദേശീയ പാതയിലെ തൊണ്ടുപ്പള്ളി ടോൾ പ്ലാസയ്ക്കു സമീപം കണ്ടെത്തിയത്. കലുങ്കിനടിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച രാത്രി ത്വക്ക് രോഗ വിദഗ്ധനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവതി, സ്കൂട്ടർ കേടായി എന്നും തൊണ്ടുപ്പള്ളിയിലുണ്ടെന്നും ഫോണിൽ സഹോദരിയെ അറിയിച്ചിരുന്നു. ചിലർ സഹായത്തിനായി എത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. പിന്നീടാണ് യുവതിയെ കാണാതായത്. അറസ്റ്റിലായവർ പദ്ധതിയിട്ട്, ക്രൂരമായ ബലാത്സംഗത്തിന് ശേഷം യുവതിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.