കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങി വരുന്നു?
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങി വരുമെന്ന സൂചനകള്‍ ശക്തം. ഉചിതമായ സമയം കാത്തിരിക്കുകയാണ് രാഹുലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. ഭാരത് ബച്ചാവോ റാലി കഴിഞ്ഞതിനാല്‍ ഉടന്‍ ആരംഭിക്കുന്ന പുനസംഘടന ചര്‍ച്ചകളില്‍ നേതാക്കള്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന ആവശ്യം ആവര്‍ത്തിക്കും.
ഭാരത് ബച്ചാവോ റാലി നടന്ന രാംലീല മൈതാനത്ത് സോണിയ ഗാന്ധിയെക്കാൾ നിറഞ്ഞുനിന്നത് രാഹുല്‍ ഗാന്ധിയുടെ കൂറ്റൻ കട്ടൗട്ടുകൾ. രാഹുല് വേദിയില്‍ എത്തിയപ്പോഴും സംസാരിച്ചപ്പോഴും മുഴങ്ങിയത് അധ്യക്ഷ പദത്തിലേക്ക് തിരിച്ചെത്തണമെന്ന മുദ്രാവാക്യങ്ങള്‍.
റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിയങ്ക ഗാന്ധി പറഞ്ഞുതുടങ്ങിയതും രാഹുല്‍ എന്റെ നേതാവെന്നായിരുന്നു. വരും ദിവസങ്ങളില്‍ പുനസംഘടന ചര്‍ച്ചകള്‍ ആരംഭിക്കുന്പോള്‍ നേതാക്കള്‍ രാഹുലിന്റെ മടങ്ങിവരവ് ആവര്‍ത്തിക്കും.
ജനുവരിയിൽ ഐ.ഐ.സി.സി സമ്മേളനം വിളിച്ചു രാഹുലിന്റെ തിരിച്ചുവരവിന് കളം ഒരുക്കുന്ന കാര്യം പാർട്ടി ആലോചിക്കുണ്ടെന്നാണ് വിവരം. സോണിയ ഗാന്ധിയെ അനാരോഗ്യം അലട്ടുന്നതിനാൽ രാഹുൽ ഇനിയും മാറി നിൽക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഭൂപേഷ് ഭഗല്‍, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം തുറന്ന് പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടി പരിപാടികളിലും സാമൂഹ്യമാധ്യങ്ങളിലും രാഹുല്‍ ഗാന്ധി നിലവില്‍ നടത്തുന്ന സജീവ ഇടപെടല്‍ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.