എന്തുകൊണ്ട് താഹിര്‍ മാത്രം? ജാവേദ് അക്തര്‍

എന്തുകൊണ്ട് പോലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നത് അയാളുടെ പേര് താഹിര്‍ എന്നായത് കൊണ്ടാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

Update: 2020-02-28 10:25 GMT
Advertising

ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ മാത്രം കൊലപാതകക്കുറ്റത്തിന് കേസെടുത്തതിനെതിരെ ജാവേദ് അക്തര്‍. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും നിരവധി വീടുകള്‍ അഗ്നിക്കിരയായിട്ടും എന്തുകൊണ്ട് പോലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നത് അയാളുടെ പേര് താഹിര്‍ എന്നായത് കൊണ്ടാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിരവധി പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു, നിരവധി വീടുകള്‍ അഗ്നിക്കിരയായി, നിരവധി കടകള്‍ കൊള്ളയടിക്കപ്പെട്ടു, പലരും ദരിദ്രരായി. പക്ഷേ പോലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നു. സന്ദര്‍ഭവശാല്‍ അയാളുടെ പേര് താഹിര്‍ എന്നാണ്. ഡല്‍ഹി പോലീസിന്റെ കര്‍മ്മനിരതക്ക് എന്റെ അഭിനന്ദനങ്ങള്‍ - ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെ അദ്ദേഹം രണ്ടാമത്തെ ട്വീറ്റുമായി എത്തി. എന്നെ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമാണ്. എന്തുകൊണ്ട് താഹിര്‍ എന്നല്ല, 'എന്തുകൊണ്ട്' താഹിര്‍ മാത്രം എന്നാണ് ഞാന്‍ ചോദിക്കുന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തിയവര്‍ക്ക് എതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍. പോലും എടുക്കുന്നില്ല. ഹൈക്കോടതിക്ക് പോലും കലാപത്തില്‍ പോലീസിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ട്. - അദ്ദേഹം രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു.

ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് താഹിറിനെതിരേ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News