വിവാഹത്തിനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിമീ; ഒടുവിലെത്തിയത് ക്വാറന്റൈന് സെന്ററില്‍!
സോനു കുമാർ ചൌഹാന് എന്ന ഇരുപത്തിനാലുകാരനാണ് ഒരാഴ്ച രാവും പകലുമില്ലാതെ സൈക്കിൾ ചവിട്ടി ഒടുവിൽ ക്വാറന്റൈനിലായത്
വിവാഹം കഴിക്കാനായി 850 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി ഒടുവില്‍ ക്വാറന്റൈന് സെന്ററില്‍ എത്തിച്ചേര്‍ന്ന അവസ്ഥയാണ് പഞ്ചാബ് ലുധിയാനയിലുള്ള ഈ യുവാവിന് സംഭവിച്ചത്. സോനു കുമാർ ചൌഹാന് എന്ന ഇരുപത്തിനാലുകാരനാണ് ഒരാഴ്ച രാവും പകലുമില്ലാതെ സൈക്കിൾ ചവിട്ടി ഒടുവിൽ ക്വാറന്റൈനിലായത്.
ഉത്തര്‍പ്രദേശിലെ, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ സോനുവിന് വിവാഹത്തിനെത്തുക എളുപ്പമായിരുന്നില്ല. രാവും പകലുമായി ഒരാഴ്ചയോളം 24കാരനായ സോനു സൈക്കിള്‍ ചവിട്ടി. ഒപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാല്‍ ആ യാത്ര അവസാനിച്ചത് ഞായറാഴ്ച ബല്‍റാപൂരിലെ ക്വാറന്റൈന് സെന്ററിലായിരുന്നു.
വീടിന് 150 കിലോമീറ്റർ അകലെവച്ചാണ് ഇവർ പിടിയിലാകുന്നത്. ഇവരെ ഉടൻതന്നെ പരിശോധനകൾക്കു ശേഷം ക്വാറന്റൈൻ സെന്ററിലേക്കു മാറ്റി. വിവാഹത്തിനായാണ് പോകുന്നതെന്നു പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു സോനു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.ലുധിയാനയിലെ ടൈല്‍ ഫാക്ടറിയിലാണ് സോനു ജോലി ചെയ്യുന്നത്.
എന്നാല്‍ ആരോഗ്യമാണ് പ്രധാനമെന്നും വിവാഹം പിന്നീട് നടത്താമെന്നും നിമിഷങ്ങള്‍ക്ക് ശേഷം സോനു പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ ഇവരെ വിട്ടയക്കുമെന്ന് ബല്റാംപൂര് എസ്.പി ദേവരഞ്ജന്‍ വര്‍മ്മ പറഞ്ഞു.