മഹാരാഷ്ട്രയില്‍ നിന്നും യുപിയിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി റോഡില്‍ കുഴഞ്ഞുവീണു മരിച്ചു

തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയതുമൂലമുണ്ടായ തളര്‍ച്ചയും ചൂടുമൂലമുണ്ടായ നിര്‍ജ്ജലീകരണവുമാവാം മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം

Update: 2020-05-02 09:11 GMT
Advertising

ലോക്ഡൌണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ പല സാഹസങ്ങളും കാണിക്കാറുണ്ട്. പലതും വേദനയിലാണ് കലാശിക്കുന്നത്. വെള്ളിയാഴ്ചയും അത്തരത്തിലൊരു സംഭവം വീണ്ടും ആവര്‍ത്തിച്ചു. സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി റോഡില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

സൈക്കിളിൽ മഹാരാഷ്​ട്രയിൽ നിന്ന്​ ഉത്തർപ്രദേശിലേക്ക്​ പുറപ്പെട്ട തൊഴിലാളിയാണ് മരിച്ചത്.മധ്യപ്രദേശിലെ ബര്‍വാനിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ബിവാന്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരമാണ് ബര്‍വാനിയിലേക്കുള്ളത്. 10 ദിവസത്തിനിടെ, ഇത്തരത്തിൽ മരിക്കുന്ന മൂന്നാമത്തെ കുടിയേറ്റ തൊഴിലാളിയാണിദ്ദേഹം​.

‘‘കയ്യിൽ പണമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയപ്പോഴാണ്​ ഈ സാഹസത്തിനൊരുങ്ങിയത്​. സൈക്കിളിൽ 350 കി.മി യാത്ര പൂർത്തിയാക്കിയിരുന്നു. പെ​ട്ടെന്ന്​ തബാറക്​ ക്ഷീണം തോന്നുന്നുവെന്ന്​ പറഞ്ഞ്​ റോഡിലേക്ക്​ കുഴഞ്ഞുവീഴുകയായിരുന്നു’’.-സംഘത്തിലെ തൊഴിലാളികളിലൊരാളായ രമേഷ്​ കുമാർ ഗോണ്ട്​ പറഞ്ഞു.

തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയതുമൂലമുണ്ടായ തളര്‍ച്ചയും ചൂടുമൂലമുണ്ടായ നിര്‍ജ്ജലീകരണവുമാവാം മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

Tags:    

Similar News