അഴിമതി ആരോപണം അംബാനി കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാന്‍ -ശരദ് പവാര്‍
പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയോട് എല്ലാമാസവും നൂറ് കോടി രൂപ പിരിച്ചുനല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങ് ആരോപിച്ചത്
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പരംബീര്‍ സിങ്ങിന്റെ ശ്രമമെന്ന് ശരദ് പവാര്‍ ആരോപിച്ചു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എ.ടി.എസ്) അറസ്റ്റ് ചെയ്തതോടെ മന്‍സൂഖ് ഹിരേനിന്റെ മരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും പവാര്‍ പറഞ്ഞു. അന്വേഷണം വഴിതിരിച്ചുവിടാന്‍ പരംബീര്‍ സിങ് അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രിക്ക് എതിരായി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയോട് എല്ലാമാസവും നൂറ് കോടി രൂപ പിരിച്ചുനല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നും പോലീസ് അന്വേഷണങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നുമാണ് പരംബീര്‍ സിങ് ആരോപിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.