കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി, ലോക്ഡൌണിനൊരുങ്ങി മഹാരാഷ്ട്ര
വാക്സിനേഷന്‍ ആരംഭിച്ചതിന് ശേഷം കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വന്‍ വീഴ്ച വരുത്തുന്നതായാണ് കണ്ടെത്തല്‍.
രാജ്യത്ത് കോവിഡ് കേസുകളില്‍ വർധന. വൈറസിന്‍റെ പുനരുല്പാദന നിരക്ക് 1.32 ലേക്ക് ഉയർന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 24,645 കേസുകളും 58 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം പുതിയ കേസുകള്‍ 30,000 കടന്നിരുന്നു.
ഗുജറാത്തില്‍ 1,640ഉം കർണാടകയില്‍ 1445ഉം ഡല്‍ഹിയില്‍ 888ഉം ആണ് പുതിയ കേസുകള്‍. വാക്സിനേഷന്‍ ആരംഭിച്ചതിന് ശേഷം കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വന്‍ വീഴ്ച വരുത്തുന്നതായാണ് കണ്ടെത്തല്‍.
24 മണിക്കൂറിനിടെ 888 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴുപേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഉത്സവസീസണ്‍ അടുത്ത പശ്ചാത്തലത്തിലാണ് നിര്‍ദേശം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ റാന്‍ഡം പരിശോധന നടത്തണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ഇടയില്‍ പരിശോധന നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാമാരി രാജ്യത്ത് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഞായറാഴ്ച മഹാരാഷ്ട്രയിലും രേഖപ്പെടുത്തിയത്. 30,000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ നാഗ്പൂരില്‍ മാത്രം 3000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നാണ് ഉദ്ധവ് നല്‍കിയ സൂചന.