രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും
രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം
കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കോവിഡിൽ ജനം വലയുമ്പോഴാണ് മുംബൈ ഉൾപ്പടെയുളള പ്രധാന നഗരങ്ങളിൽ പെട്രോൾ വില നൂറിനടുത്തെത്തിയത്. സമാനമായാണ് ഡീസലിന്റെയും, പാചകവാതകത്തിന്റെയും വിലയിലെ വർധനയും. എന്നാൽ ഇനിയുളള ദിവസങ്ങളിൽ പ്രെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കുറവുണ്ടാകമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 10 ശതമാനമായിരിക്കും കുറവ് വരിക.
രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും, പല രാജ്യങ്ങളിലും ലോക്ഡൗൺ പുനസ്ഥാപിച്ചതും വിപണിയെ സമ്മർദ്ദത്തിലാക്കി. ഇതാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എണ്ണ ഉൽപാദനം നിർത്തിവെച്ചത് നീട്ടിവെയ്ക്കാൻ തീരുമാനമായിരുന്നു. അതേസമയം ഇക്കഴിഞ്ഞ 14 ദിവസമായി എണ്ണ വിലയിൽ വർധനവുണ്ടായിട്ടില്ല.