കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് റെയിൽവെ പൊലീസ്
റെയിൽവെ പൊലീസ് ലക്നൗ റേഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല
യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് റെയിൽവെ പൊലീസ് .റെയിൽവെ പൊലീസ് ലക്നൗ റേഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. അതിക്രമത്തിന് ഇരയായവർ പരാതി നൽകിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും റെയിൽവെ പൊലീസ് വ്യക്തമാക്കി.
മതംമാറ്റത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് അതിക്രമത്തിന് ആദ്യം മുതി൪ന്നത് കന്യാസ്ത്രീകൾ യാത്ര ചെയ്ത ട്രെയ്നിൽ തൊട്ടടുത്ത ബോഗിയിലുണ്ടായിരുന്ന എബിവിപി നേതാവ് അജയ് ശങ്ക൪ തിവാരിയാണ്. ഝാൻസിയിലെ വിഎച്ച്പി നേതാവായിട്ടുള്ള അഞ്ചൽ അ൪ജരിയ്യയെ ഇയാൾ ഇക്കാര്യം ഫോണിൽ വിളിച്ചുപറയുന്നു. ഇയാളാണ് പിന്നീട് പൊലീസിനെ ഇക്കാര്യം അറിയിക്കുന്നത്. ഇവരാണ് നിലവിൽ റെയിൽവെ പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പൂ൪ത്തിയാക്കാനാണ് റെയിൽവെ പൊലീസ് നീക്കം. അന്വേഷണ റിപ്പോ൪ട്ട് തയ്യാറാക്കാൻ ലക്നൗ റേഞ്ച് എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഐജി സത്യേന്ദ്ര കുമാ൪ സിങ് വ്യക്തമാക്കി. ഇന്ന് തന്നെ ഝാൻസിയിലെത്തി റിപ്പോ൪ട്ട് തയ്യാറാക്കുന്ന നടപടികൾ ആരംഭിക്കും. അതിക്രമത്തിന് ഇരയായ സ്ത്രീകൾ പരാതി നൽകാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. പരാതി ലഭിച്ചാൽ മാനനഷ്ടത്തിനും വ്യാജ ആരോപണം ഉന്നയിച്ചതിനും കേസെടുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു.
മലയാളികളടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായത് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായതോടെ കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ വ്യക്തമാക്കുകയായിരുന്നു. ഈ മാസം പത്തൊമ്പതിനാണ് ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഒഡീഷയിലെ റൂ൪ക്കിയിലേക്ക് പുറപ്പെട്ട കന്യാസ്ത്രീകൾക്ക് നേരെ എബിവിപി പ്രവ൪ത്തകരുടെ അതിക്രമമുണ്ടായത്.