മിശ്രവിവാഹിതര്‍ക്ക് എതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ മാർഗരേഖ പുറത്തിറക്കി ഡൽഹി സർക്കാർ
മാർഗരേഖ അനുസരിച്ച് മിശ്രവിവാഹിതർക്ക് താമസിക്കാന്‍ സർക്കാർ സുരക്ഷിത സ്ഥാനങ്ങൾ ഒരുക്കിനൽകും.
മിശ്രവിവാഹിതരെ സംരക്ഷിക്കാൻ എസ്.ഒ.പി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ) പുറത്തിറക്കി ഡൽഹി സർക്കാർ. വ്യത്യസ്ത മത-ജാതിയിൽ പെട്ടവർ വിവാഹിതരായാൽ അവർക്കെതിരേയുണ്ടാകുന്ന ആക്രമണം ഇല്ലാതാക്കാനാണ് മാർഗരേഖ പുറത്തിറക്കിയത്.
മിശ്രവിവാഹിതർക്കെതിരേയുള്ള ആക്രമണക്കേസുകൾ ഇനി പ്രത്യേക സംഘങ്ങൾ അന്വേഷിക്കും. മാർഗരേഖ അനുസരിച്ച് മിശ്രവിവാഹിതർക്ക് താമസിക്കാന്‍ സർക്കാർ സുരക്ഷിത സ്ഥാനങ്ങൾ ഒരുക്കിനൽകും.
ബന്ധുക്കളിൽ നിന്നും മറ്റ് ആൾക്കൂട്ടങ്ങളിൽ നിന്നുമുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഇത്തരം സുരക്ഷിത സ്ഥാനങ്ങൾ നൽകുക. നിലവിൽ സ്ത്രീകൾക്കായുള്ള ഹെൽപ്പ്‌ലൈൻ നമ്പറായ 181 ഇനി മിശ്രവിവാഹിതർക്കുള്ള ഹെൽപ്പ്‌ലൈൻ നമ്പറായും പ്രവർത്തിക്കും. ഈ ഹെൽപ്പ്‌ലൈനിൽ മിശ്രവിവാഹിതർക്ക് മാനസികമായും നിയമപരമായുമുള്ള എല്ലാ പിന്തുണയും നൽകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
പോലീസ് ഒരുക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ദമ്പതികൾക്ക് താത്പര്യമില്ലെങ്കിൽ അവർക്ക് അവരുടെ വീട്ടിൽ തന്നെ പോലീസ് സംരക്ഷണം നൽകും.
കഴിഞ്ഞയാഴ്ച തെക്കുകിഴക്കൻ ഡൽഹിയിലെ മിശ്രവിവാഹിതർക്കെതിരേ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.