രാഹുലും പ്രിയങ്കയും ബംഗാളിൽ പ്രചാരണത്തിനെത്താത്തത് എന്തുകൊണ്ട്..?
അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമായ രാഹുലും പ്രിയങ്കയും ബംഗാളിനെ മാത്രം ഒഴിച്ചിടുന്നത് അണികളില്‍ തന്നെ നീരസത്തിന് കാരണമായിട്ടുണ്ട്
പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. എന്നിട്ടും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം ഇതുവരെ സംസ്ഥാനത്ത് പ്രചാരണത്തിന് എത്താത്തത് ചര്‍ച്ചയാകുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടത്തിയ ഒരു റാലിയില്‍ പോലും കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടില്ല.
അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമായ രാഹുലും പ്രിയങ്കയും ബംഗാളിനെ മാത്രം ഒഴിച്ചിടുന്നത് അണികളില്‍ തന്നെ നീരസത്തിന് കാരണമായിട്ടുണ്ട്. ത്രികോണ പോരാട്ടം നടക്കുന്ന ബംഗാളിൽ രാഹുലിനെ സജീവമായി രംഗത്തിറക്കണമെന്ന നിലപാടിലാണ് ബംഗാൾ ഘടകം. എന്നാല്‍ പ്രചാരണവുമായി ബന്ധപ്പെട്ട് രാഹുല്‍ എത്തുമോയെന്നതിനെക്കുറിച്ച് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. അതേസമയം, രാഹുലിനെ എത്രയും വേഗം പ്രചാരണ രംഗത്തിറക്കണമെന്നാവശ്യപ്പെട്ട് ബംഗാൾ ഘടകം ഹൈക്കമാൻഡിനു മേൽ ശക്തമായ സമ്മർദം ചെലുത്തുന്നുമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പലതവണ ബംഗാളിലെത്തിയിട്ടും രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്താത്തത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.
ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുലും പ്രിയങ്കയും അടക്കമുള്ളവര്‍ പ്രചാരണത്തിനെത്താത്തത് മനപൂര്‍വമാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്കടുക്കുമ്പോള്‍ പ്രചാരണത്തിനായി ദേശീയനേതാക്കള്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതി ബംഗാളിലെ പ്രചാരണം എന്ന നയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിയിരിക്കുന്നതെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭരണകക്ഷിയായ തൃണമൂലിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പാര്‍ട്ടികള്‍ സംയുക്തമായി ഒരു മുന്നണിയിലാണ് ഇത്തവണ ബംഗാളില്‍ മത്സരിക്കുന്നത്. കേരളത്തിൽ ഇടതു മുന്നണിയെ എതിർക്കുകയും ബംഗാളിൽ അവരുമായി സഖ്യത്തിൽ മത്സരിക്കുകയും ചെയ്യുമ്പോള്‍ പ്രചാരണം തിരിച്ചടിച്ചേക്കും എന്ന ആശങ്കയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പങ്കുവെക്കുന്നത്.
ബംഗാളിൽ ഇടത് നേതാക്കൾക്കൊപ്പം രാഹുൽ വേദി പങ്കിടുന്നത് കേരളത്തിൽ കോൺഗ്രസിനെ കടന്നാക്രമിക്കാൻ ബിജെപി ഉപയോഗിക്കുമെന്ന ആശങ്ക പാർട്ടി ഹൈക്കമാൻഡിനുണ്ട്. ഇടതു നേതാക്കൾക്കൊപ്പമുള്ള രാഹുലിന്‍റെ പ്രചാരണ ചിത്രങ്ങൾ പുറത്തുവന്നാൽ അത് കേരളത്തിൽ വിശദീകരിക്കുക എളുപ്പമാകില്ലെന്ന മുന്നറിയിപ്പ് കെ.പി.സി.സി നേതൃത്വവും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും ഏപ്രിൽ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന സംസ്ഥാനമാണ് കേരളം.
മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ അസമിലും ഭരണം പ്രതീക്ഷിക്കാം. എന്നാൽ, തൃണമൂലിനും ബി.ജെ.പിക്കും ശക്തമായ വോട്ട് ബാങ്ക് നില നില്‍ക്കുമ്പോള്‍ ബംഗാളിൽ അത്തരം പ്രതീക്ഷകള്‍ കോണ്‍ഗ്രസിനില്ല എന്ന് വേണം കുരതാന്‍. അതുകൊണ്ടു തന്നെ, വിജയസാധ്യതയുള്ള കേരളത്തിലെ രാഷ്ട്ട്രീയ സാഹചര്യത്തെ കീഴ്മേല്‍ മറിക്കുന്ന നീക്കങ്ങൾ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ഐക്കണ്‍ കൂടിയായ രാഹുല്‍ അടക്കുള്ള നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന നിലാപാടാകും ഹൈക്കമാൻഡിന്‍റേത്.