"തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം": മമത ബാനര്‍ജി

ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന തന്‍റെ നിലപാടിനെ ആര്‍ക്കും തടയാനാവില്ലെന്നും മമത ട്വീറ്റ് ചെയ്തു.

Update: 2021-04-11 06:11 GMT
Advertising

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് 'മോദി കോഡ് ഓഫ് കണ്ടക്ട്' അഥവ മോദിയുടെ പെരുമാറ്റചട്ടമെന്നാക്കി മാറ്റണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടെടുപ്പിനിടെ സി.ഐ.എസ്.എഫിന്‍റെ വെടിവെപ്പുണ്ടായ കൂച്ബിഹാറിലേക്ക് പ്രവേശനം വിലക്കിയ നടപടിയെ വിമര്‍ശിച്ചാണ് മമതയുടെ പരാമര്‍ശം.

കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ 72 മ​ണി​ക്കൂ​ര്‍ നേരം ഒ​രു രാ​ഷ്ട്രീയ​നേ​താ​വും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.

ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന തന്‍റെ നിലപാടിനെ ആര്‍ക്കും തടയാനാവില്ല. മൂന്ന് ദിവസത്തെ നിരോധനം അവസാനിച്ചാൽ നാലാം ദിവസം കൂച്ച്ബിഹാർ സന്ദർശിക്കുമെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളുമായി മമത ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചിരുന്നു.

വെടിവെപ്പില്‍ സി.ഐ.ഡി അന്വേഷണവും മമത ബാനര്‍ജി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ കേന്ദ്ര സേനയുടെ വാദത്തിന് തെളിവുകളില്ലെന്നാണ് മമതയുടെ ആരോപണം. ജനക്കൂട്ടം ആ​യു​ധം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ടി​വെച്ചതെന്നായിരുന്നു കേന്ദ്രസേനയുടെ വാദം. കേ​ന്ദ്ര​സേ​ന​യെ ന്യാ​യീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ രംഗത്ത് വന്നിരുന്നു.

ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് വ്യാപക സംഘര്‍ഷങ്ങള്‍ ഉണ്ടായത്. കൂച്ച്ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിന് മുന്നിൽ വരി നിന്നവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News