ഒരു പാഠവും പഠിച്ചില്ല; കുംഭമേളയിലെ ഷാഹി സ്‌നാനത്തിനെത്തിയത് മുപ്പതിനായിരം പേർ!

വൈകിട്ട് അഞ്ചു വരെ ഇരുപത്തി അയ്യായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു എന്നാണ് ഔദ്യോഗിക വിശദീകരണം

Update: 2021-04-28 06:50 GMT
Editor : abs | By : Web Desk
Advertising

കോവിഡ് മഹാമാരിക്കിടെ കുംഭമേളയുടെ അവസാന ചടങ്ങായ ഷാഹി സ്‌നാനത്തിനായി ഹരിദ്വാറിൽ ഒത്തുകൂടിയത് മുപ്പതിനായിരത്തോളം പേർ. പ്രമുഖ ഹിന്ദി ദിനപത്രമായ അമർ ഉജാലയാണ് ഇത്രയും കൂടുതല്‍ ആളുകള്‍ ഒത്തുകൂടിയതായി റിപ്പോർട്ട് ചെയ്തത്. രാജ്യം കോവിഡ് ഭീതിയുടെ മുനമ്പിൽ കഴിയുന്ന വേളയിലാണ് ബുധനാഴ്ച പതിനായിരങ്ങൾ സാമൂഹിക അകലവും മാസ്‌കും ധരിക്കാതെ ചടങ്ങിനായി ഒത്തുകൂടിയത്. 

ചൈത്ര പൂർണിമ ദിനത്തിലാണ് അവസാന ഷാഹി സ്‌നാനം നടക്കാറുള്ളത്. അഞ്ചു വരെ ഇരുപത്തി അയ്യായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു എന്നാണ് ഔദ്യോഗിക വിശദീകരണം. 



'13 അഗാഡകളിലെ സന്യാസിമാർ നിയന്ത്രിതമായ എണ്ണത്തിലാണ് ഹർകിപുരിയിലെത്തിയത്. ഏകദേശം 25000 സന്യാസിമാരാണ് അവസാന ഷാഹി സ്‌നാനത്തിൽ പങ്കെടുത്തത്. എല്ലാ കോവിഡ് പ്രോട്ടോകോളുകളും കർശനമായി പാലിച്ചിരുന്നു' - കുംഭ് ഐജി സഞ്ജയ് ഗുൻജ്യാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മഹാകുംഭിന്റെ ഭാഗമായി ഹരിദ്വാർ, റൂർക്കി, ലാകസർ, ഭഗ്‌വാൻപൂർ എന്നിവിടങ്ങളിൽ ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


കോവിഡിലും ലക്ഷങ്ങൾ കുംഭമേളയ്‌ക്കെത്തുന്ന സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായി കുംഭമേള പരിമിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ജുന അഖാഡയുടെ സ്വാമി അവ്‌ധേശാനന്ത് ഗിരി സ്വാമിയുമായി മോദി ചർച്ച നടത്തുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത് എന്ന് ദേശീയ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മഹാമാരിക്കിടയിലും ആയിരക്കണക്കിന് സന്യാസികളും ഭക്തരുമാണ് ചടങ്ങിനെത്തിയത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News